ജോധ്പൂർ: ഈദ് ആഘോഷങ്ങൾക്കിടെ ജോധ്പൂരിൽ വർഗീയ സംഘർഷം. കഴിഞ്ഞ ദിവസം രാത്രി സംഘർഷത്തിനു തുടക്കമായത്. ഇരുമതസ്ഥരും ചേരി തിരിഞ്ഞ് പ്രദേശത്ത് കല്ലേറുൾപ്പെടെ നടത്തി. സംഘർഷം നിയന്ത്രിക്കാനെത്തിയ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസിന്റെ തടക്കം ഏതാനും വാഹനങ്ങൾക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു.
പ്രദേശത്ത് വർഗീയ കലാപ സാധ്യത കണക്കിലെടുത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മേഖലയിലെ ഇന്റർനെറ്റ് ബന്ധവും വിച്ഛേദിച്ചു. സമാധാനവും ഐക്യവും നിലനിർത്തണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ജനങ്ങളോട് ആവശ്യപ്പെട്ടു. ഈദ് പ്രാർത്ഥനകൾ കനത്ത പോലീസ് കാവലിലാണ് നടന്നത്.
മൂന്നുദിവസമായി നടന്നു വരുന്ന പരശുരാമ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച കൊടിയെ ചൊല്ലിയുണ്ടായ വിഷയമാണ് ആക്രമണത്തിലേക്ക് കടന്നത്. തിങ്കളാഴ്ച രാത്രി ഇരു വിഭാഗങ്ങളും സംഘടിച്ചെത്തി പ്രദേശത്തെ ക്രമസമാധാനം തകർക്കുകയായിരുന്നു. അക്രമാസക്തമായ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.