കൊച്ചി: കേരള കോൺഗ്രസിൽ പിളർപ്പിനു അറുതിയില്ല. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വൈസ് ചെയർമാൻ ജോണി നെല്ലൂർ പാർട്ടി വിട്ടു. യുഡിഎഫ് സെക്രട്ടറി പദവും ഉന്നതാധികാര സമിതി അംഗത്വവും ഒഴിഞ്ഞതായി ജോണി നെല്ലൂർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി. നിലവിലുള്ള ഒരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല. ദേശീയ പ്രാധാന്യമുള്ള പുതിയ പാർട്ടി രൂപീകരിക്കുമെന്നും ജോണി നെല്ലൂർ അറിയിച്ചു.
യുഡിഎഫ് നേതൃത്വത്തെ ജോണി നെല്ലൂർ വിമർശിച്ചു. ഉമ്മൻചാണ്ടിയുടേയോ രമേശ് ചെന്നിത്തലയുടേയോ കാലത്തെ പരിഗണന ഇപ്പോൾ ലഭിക്കുന്നില്ല. അപ്പോഴത്തേതുപോലുള്ള പ്രവർത്തനമാണോ ഇപ്പോഴെന്ന് യുഡിഎഫ് ആത്മപരിശോധന നടത്തണമെന്നും ജോണി നെല്ലൂർ പറഞ്ഞു. കഴിഞ്ഞ ഒരുവർഷമായി ക്രൈസ്തവ ഐക്യം എന്ന നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. എന്നാൽ പുതിയ പാർട്ടി ക്രൈസ്തവരുടെ പാർട്ടിയായിരിക്കില്ല, മതേതര പ്രസ്ഥാനമായിരിക്കുമെന്നും നെല്ലൂർ പറഞ്ഞു. കേരള കോൺഗ്രസ് ജോസഫ് വിഭാത്തിൽ നിന്ന് ഒരു വിഭാഗം പുതിയ പാർട്ടിയിലുണ്ടാകും. ജോണി നെല്ലൂരിനെ കൂടാതെ മാത്യു സ്റ്റീഫൻ, ജോർജ് ജെ മാത്യു തുടങ്ങിയവരും പുതിയ പാർട്ടി തലപ്പത്തുണ്ടാകും എന്നാണ് റിപ്പോർട്ട്.