പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ആയിരുന്നു അന്ത്യം. മലയാള മാധ്യമ പ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം പകർന്ന വ്യക്തിയായിരുന്നു അദ്ദേഹം. സംസ്‌കാരം ഇന്നു രാത്രി ബംഗളൂരുവില്‍. ഭാര്യ സരസ്വതിയമ്മ, മകള്‍ ദീപ, മകന്‍ ജയദീപ്.
തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്ത് ജനിച്ച ജയചന്ദ്രന്‍ നായര്‍ കെ ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന കൗമുദി ദിനപത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. മലയാളരാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 1975ല്‍ കലാകൗമുദി വാരികയില്‍ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായി. 1997ല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക തുടങ്ങിയപ്പോള്‍ പത്രാധിപരായി ചുമതലയേറ്റു. 2013 വരെ മലയാളം വാരികയില്‍ പ്രവര്‍ത്തിച്ചു.
ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ രചന ജയചന്ദ്രന്‍ നായരുടേതാണ്. ഈ ചിത്രങ്ങളുടെ നിര്‍മാണവും നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികള്‍ക്ക് 2012ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ജി അരവിന്ദനെക്കുറിച്ചുള്ള മൗനപ്രാര്‍ഥന പോലെ എന്ന കൃതി 2018ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്‌കാരം നേടി.
റോസാദലങ്ങള്‍, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയില്‍ത്തുണ്ടുകള്‍, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍ തുടങ്ങി ഒട്ടേറെ പുസ്തകങ്ങളും ജയചന്ദ്രന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബറില്‍ കേരള ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച, ഷാജി എന്‍ കരുണിന്റെ സിനിമകളെക്കുറിച്ചുള്ള പഠനമായ ഏകാന്ത ദീപ്തിയാണ് അവസാന കൃതി.