വാരണാസി: ഗ്യാൻവാപി കേസിൽ പള്ളിക്കുള്ളിൽ വീഡിയോ ഗ്രാഫിക്ക് സർവേ നടത്താനുത്തരവിട്ട വാരണാസി ജില്ലാ ജഡ്ജിക്ക് ഭീഷണിക്കത്ത് ലഭിച്ചെന്ന് പരാതി. വാരണാസി ജില്ലാ ജഡ്ജി രവി കുമാർ ദിവാകറിനാണ് ഭീഷണിക്കത്ത് ലഭിച്ചതെന്ന് നിരവധി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഭീഷണിക്കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വാരണാസി പോലീസ് കമ്മീഷണറേറ്റിനും പരാതി നൽകിയിട്ടുണ്ട്.
ഇസ്‌ലാമിക് അഗാസ് മൂവ്‌മെന്റെന്ന സംഘടനയ്ക്കായി കാഷിഫ് അഹ്മദ് സിദ്ദിഖി എന്ന പേരുള്ള വ്യക്തിയാണ് കത്ത് അയച്ചതെന്നാണ് രവികുമാർ വ്യക്തമാക്കുന്നത്. രജിസ്റ്റേർഡായി ലഭിച്ച ഭീഷണിക്കത്തിൽ, ഗ്യാൻവാപി പള്ളിയിൽ നടക്കുന്ന സർവേ സാധാരണമായ ഒരു പ്രക്രിയ മാത്രമാണെന്ന് നിങ്ങൾ പ്രസ്താവന നടത്തി. നിങ്ങൾ ഒരു വിഗ്രഹ ആരാധകനാണ്. നാളെ പള്ളി അമ്പലമാണെന്ന് വരെ നിങ്ങൾ പറഞ്ഞേക്കാം. ഒരു കാഫിറിൽ നിന്ന്, വിഗ്രഹങ്ങളെ ആരാധിക്കുന്ന ഒരു ഹിന്ദുവായ ജഡ്ജിയിൽ നിന്ന്, മുസ്ലീം മതസ്ഥർക്ക് അനുകൂലമാവുന്ന നീതി പ്രതീക്ഷിക്കാനാവില്ല,’ എന്നാണ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.
കത്തിന്റെ ഉള്ളടക്കം വാരണാസി പോലീസ് കമ്മീഷണർ എ സതീഷ് ഗണേഷ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചുകഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഭീഷണിയുടെ ഭാഗമായി ജഡ്ജിക്ക് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയതായും കമ്മീഷ്ണർ അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ 26ന് ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താൻ സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിയായ രവികുമാർ ദിവാകർ ഉത്തരവിട്ടിരുന്നു. സർവേയിൽ പള്ളിയിൽ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന ആരോപണവുമായി ഹിന്ദുത്വവാദികൾ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. കണ്ടെത്തിയത് ശിവലിംഗമല്ലെന്നും നമസ്‌കാരത്തിന് മുൻപായി അംഗശുദ്ധി വരുത്തുന്ന ഭാഗത്തെ ഫൗണ്ടൻ ആണെന്നും മസ്ജിദ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു.