ജുഡീഷ്യൽ പ്രക്രിയയെ സ്വാധീനിക്കാനും സമ്മർദ്ദത്തിലാക്കാനുമുള്ള ബാഹ്യ പ്രവർത്തനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ച് അഭിഭാഷകർ. നീതിന്യായ വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കാൻ പല ഭാഗത്തുനിന്നും ശ്രമങ്ങൾ നടക്കുന്നുവെന്ന് അഭിഭാഷകർ വെളിപ്പെടുത്തി. ‘ജുഡീഷ്യറി ഭീഷണിയിലാണ്- രാഷ്ട്രീയ, തൊഴിൽപരമായ സമ്മർദ്ദത്തിൽ നിന്ന് ജുഡീഷ്യറിയെ സംരക്ഷിക്കുക’ എന്ന തലക്കെട്ടിലാണ് കത്ത്.
മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവെ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനായ മനൻ കുമാർ മിശ്ര, പിങ്കി ആനന്ദ് എന്നിവരുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 600 അഭിഭാഷകരാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് കത്തയച്ചത്. കോടതിയുടെ സമഗ്രതയെ ഇകഴ്ത്തി കാണിക്കാൻ ചില തൽപര സംഘങ്ങൾ പ്രവർത്തിക്കുന്നു. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്നതും അഴിമതി ആരോപണങ്ങൾ നേരിടുന്നതുമായി കേസുകളിൽ അനുകൂല വിധി സമ്പാദിക്കാൻ ഈ സമ്മർദ്ദ ഗ്രൂപ്പുകൾ തന്ത്രപരമായ സ്വാധീനങ്ങൾ നടത്തുന്നു.
ഇത് ജനാധിപത്യ ചട്ടക്കൂടിനും നീതിന്യായ പ്രക്രീയയിലുള്ള വിശ്വാസത്തിനും വലിയ ഭീഷണിയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. അഴിമതി ആരോപണ വിധേയരായ രാഷ്ട്രീയക്കാർ ഉൾപ്പെടുന്ന കേസുകളിൽ ഈ തന്ത്രങ്ങൾ അവർ പ്രയോഗിക്കുന്നു. അത്തരം കേസുകളിൽ ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾ ഏറ്റവും പ്രകടമാണ്.
“കോടതികളുടെ ‘നല്ല ഭൂതകാലം’, ‘സുവർണ്ണ കാലഘട്ടം’ എന്നിവയെക്കുറിച്ചുള്ള തെറ്റായ വിവരണങ്ങൾ അവർ സൃഷ്ടിക്കുന്നു, ഇത് വർത്തമാനകാല സംഭവങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് വരുത്തി തീർക്കുന്നു. ഇത് കോടതി വിധികളെ അട്ടിമറിക്കാനും ചില രാഷ്ട്രീയ നേട്ടങ്ങൾക്കായി കോടതിയെ നാണംകെടുത്താനും ഉദ്ദേശിച്ചുള്ള പ്രസ്താവനകളാണ്. ചില അഭിഭാഷകർ രാഷ്‌ട്രീയക്കാർക്കുവേണ്ടി പകൽസമയത്ത് വാദിക്കുകയും പിന്നീട് രാത്രിയിൽ മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് വിഷമകരമാണ്,” അവർ കത്തിൽ പറഞ്ഞു.