കുറ്റിപ്പുറം: മാധ്യമങ്ങൾ സൃഷ്‌ടിക്കുന്ന ആറ്റംബോംബിനെ ഓലപ്പടക്കമാക്കുന്ന കാനം ശൈലി തന്നിൽ അത്ഭുതം സൃഷ്ടിക്കാറുണ്ടെന്ന് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ. രാഷ്ട്രീയ നൈതികതാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന പല രാഷ്ട്രീയ നേതാക്കളുടേയും ജീവിതവും നിലപാടുകളും വ്യക്തിത്വവും സമൂഹത്തിന് വലിയ മാതൃകയാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിസന്ധികളിൽ തളരാതെ പിടിച്ചു നിൽക്കുകയും കൂടെയുള്ളവർക്ക് പ്രതീക്ഷ നൽകുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുടെ ആത്മസംയമനവും പക്വതയും ശ്ലാഘനീയമാണ്. രാഷ്ട്രീയക്കാർ മാറ്റിനിർത്തപ്പെടേണ്ടവരല്ല, അവർ നാടിന്റെ വെളിച്ചവും പ്രതീക്ഷയുമാണ്. അഴിമതിയും അടിപിടിയുമല്ല രാഷ്ട്രീയപ്രവർത്തനമെന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ നേതാക്കളെ സമൂഹം ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചരിത്രമാണുളളതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
മലബാറിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കെ. നാരായണൻ നായർ മാസ്റ്ററുടെ സ്‌മരണാർത്ഥം സംഘടിപ്പിച്ച രാഷ്ട്രീയ നൈതികതാ സമ്മേളനം ഏപ്രിൽ 17ന് കുറ്റിപ്പുറം ഫുജൈറ പാലസ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. കേരളാ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ, ബിനോയ് വിശ്വം എം പി, കെ ടി ജലീൽ എം എൽ എ, ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, പി പി സുനീർ, സത്യൻ മൊകേരി, പി കെ കൃഷ്ണദാസ്, അജിത് കൊളാടി, തുളസിദാസ് മേനോൻ, അഡ്വ. ദീപ നാരായണൻ, ജയരാജ് എം എന്നിവർ സംസാരിച്ചു. സമ്മേളനത്തെ തുടർന്ന് ഇഫ്‌താർ വിരുന്നും സംഘടിപ്പിച്ചിരുന്നു.