ന്യൂഡൽഹി: രാജ്യത്തിന്റെ നാൽപ്പത്തി ഒമ്പതാം ചീഫ് ജസ്റ്റിസായി യു യു ലളിത് സ്ഥാനമേറ്റു. നവംബർ എട്ട് വരെ ചീഫ് ജസ്റ്റിസായി തുടരും. സുപ്രിം കോടതി നടപടികളെ കാര്യക്ഷമമാക്കുന്ന 3 സുപ്രധാനമായ തീരുമാനങ്ങൾ ഇതിനകം നിർദ്ദേശിച്ചാണ് ജസ്റ്റിസ് യു യു ലളിത് ചീഫ് ജസ്റ്റിസ് ആയി സ്ഥാനമേറ്റത്.
അഭിഭാഷകവൃത്തിയിൽനിന്നു നേരിട്ട് സുപ്രിംകോടതി ജഡ്ജിയും പിന്നീട് ചീഫ് ജസ്റ്റിസുമാകുന്ന രണ്ടാമത്തെയാളാകുകയാണ് ഇതോടെ ജസ്റ്റിസ് യു യു ലളിത്. ഇന്നലെ ബാർ കൗൺസിൽ നൽകിയ സ്വീകരണ ചടങ്ങിൽ സുപ്രധാനമായ മൂന്നു തീരുമാനങ്ങൾ താൻ നടപ്പാക്കുമെന്ന് ജസ്റ്റിസ് ലളിത പ്രഖ്യാപിച്ചിരുന്നു. വർഷം മുഴുവൻ ഭരണഘടന ബഞ്ച് പ്രവർത്തിക്കും, ബെഞ്ചുകൾക്ക് മുന്നിൽ മെൻഷനിംഗ് നടത്താൻ അഭിഭാഷകർക്ക് കൃത്യമായ അവസരം ലഭ്യമാക്കും, ഫയലിംഗ് നടപടികൾ സുതാര്യമാക്കും എന്നിവയാണ് ജസ്റ്റിസ് യു യു ലളിതിന്റെ വാഗ്ദാനങ്ങൾ.
മുൻ അറ്റോർണി ജനറൽ, സുപ്രിംകോടതിയിൽ സീനിയർ അഭിഭാഷകൻ,സുപ്രിംകോടതി ജഡ്ജി മുതലായ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള അയോധ്യ കേസിൽ വാദം കേൾക്കുന്ന ബെഞ്ചിൽനിന്നു ജസ്റ്റിസ് ലളിത് പിന്മാറിയതു നേരത്തേ വലിയ വാർത്തയായിരുന്നു. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ടു യുപി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ്ങിനെതിരായ കോടതിയലക്ഷ്യക്കേസിൽ ഹാജരായി എന്നതു ചൂണ്ടിക്കാട്ടിയായിരുന്നു ലളിതിന്റെ പിന്മാറ്റം. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്നു വ്യക്തമാക്കിയതുൾപ്പെടെ സുപ്രധാന വിധി പറഞ്ഞ ബെഞ്ചുകളിൽ ജസ്റ്റിസ് ലളിത് അംഗമായിരുന്നു.നവംബർ 8നു വിരമിക്കുന്ന അദ്ദേഹത്തിനു പദവിയിൽ ചുരുങ്ങിയ കാലമേ ലഭിക്കൂ. ശേഷം, സീനിയോറിറ്റി പ്രകാരം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡായിരിക്കും ചീഫ് ജസ്റ്റിസ്.