കോൺഗ്രസിനെ കാവിവത്കരിക്കാനെത്തിയ സന്ദീപ് വാര്യറുടെ പ്രവേശനവും പിന്നീട് കെ മുരളീധരൻ ഫേസ്ബുക്കിൽ പങ്കു വെച്ച പാട്ടിന്റെ വരികളും ചർച്ചവിഷയമാകുന്നു. സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിന്റെ തൊട്ടു പിന്നാലെയാണ് മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘പകൽ വാഴും പെരുമാളിൻ രാജ്യഭാരം വെറും 15 നാഴിക മാത്രം. ഞാൻ ഞാൻ ഞാൻ എന്ന ഭാവങ്ങളെ…’ എന്ന പാട്ടാണ് കെ മുരളീധരൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇത് വി ഡി സതീശനെയാണ് ഉദ്ദേശിക്കുന്നതെന്ന് വിമർശനം കമന്റ് ബോക്സിൽ നിറയുകയാണ്.
എന്നാൽ മാധ്യമങ്ങളെ കണ്ടപ്പോൾ താൻ പങ്കുവെച്ചത് തനിക്ക് ഇഷ്ടപ്പെട്ട പാട്ടാണെന്നും അത് ഇപ്പോഴത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടേണ്ട എന്നുമാണ് കെ മുരളീധരൻ പിന്നീട് ന്യായീകരിച്ച് രംഗത്തെത്തി. എന്നാലും മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും കെ മുരളീധരന്റെ അമർഷം വാക്കുകൾക്കിടയിൽ പ്രകടമായിരുന്നു.
രാഹുൽ ഗാന്ധിയെ കുതിരവട്ടത്ത് അയക്കേണ്ടതാണ് എന്ന് പറഞ്ഞയാളാണ് സന്ദീപ് വാര്യർ എന്നും കെ മുരളീധരൻ ഓർമ്മിപ്പിച്ചു. രണ്ടാഴ്ച മുമ്പ് പാർട്ടിയിലേക്ക് വരാമായിരുന്നു എന്നും പ്രിയങ്ക ഗാന്ധിക്ക് വേണ്ടി വയനാട്ടിൽ പ്രചരണത്തിന് പോയെങ്കിൽ രാഹുൽ ഗാന്ധിയോട് ചെയ്ത തെറ്റിന് ക്ഷമാപണം ആകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.