സ്വാതന്ത്ര്യത്തിനു ശേഷം നാം സ്വപ്നം കണ്ട ഇന്ത്യയെ തിരിച്ചു പിടിക്കാൻ കൊടും ചൂടിനെ പോലും വെല്ലുവിളിച്ചുകൊണ്ട് എഐവൈഎഫ് നടത്തിയ സമരം ചരിത്ര ലിപികളിലെഴുതപ്പെടുമെന്ന് മന്ത്രി കെ രാജൻ. ഇന്ത്യൻ ജനാധിപത്യം ഏറ്റവും അപമാനകരമായ രീതിയിൽ പുതുക്കിയെഴുതാൻ നടത്തുന്ന ശ്രമങ്ങളുടെ ദിനത്തിലാണ് ഈ ജാഥ ഈ സമര കേന്ദ്രത്തിലെത്തിച്ചേർന്നത്. സ്വാതന്ത്ര്യത്തിനു മുൻപും ശേഷവും ഉള്ള ചരിത്രത്തെ ആകെ മറികടക്കാൻ അധികാരത്തിന്റെ രാജ്യ ദണ്ഡ് ഏറ്റുവാങ്ങി സ്വാതന്ത്ര്യത്തിനായി ഒരു മഹാ ജനത നടത്തിയ സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ ഒന്നും ചെയ്ത ചരിത്രമില്ലാത്തവർ ഇന്ത്യയിൽ ഒരു തെറ്റായ ചരിത്രം എഴുതിപ്പിടിപ്പിക്കുന്ന തെറ്റായ നിമിഷമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജനാധിപത്യവും മതേതരത്വവും മതനിരപേക്ഷതയും കൊലചെയ്യപ്പെടുന്ന ഇന്ത്യയുടെ മണ്ണിൽ ഇന്ത്യയെ രക്ഷിക്കാൻ ഇന്ത്യയുടെ യുവത്വം സമരസജ്ജമായി എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മുപ്പതിനായിരക്കണക്കിനു ചെറുപ്പക്കാർ സമര സംഗമവേദിയിൽ എത്തിച്ചേർന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു ജനാധിപത്യത്തെ കൊലചെയ്ത സർക്കാറാണ് ഇന്ന് ആ കൊലചെയ്യപ്പെട്ട ജനാധിപത്യത്തിന്റെ കേന്ദ്രം പുതുക്കിപണിതത്. ജനാധിപത്യ ഇന്ത്യയുടെ സാമൂഹിക ജീവിതം തകർക്കാൻ ഒരുങ്ങിപ്പുറപ്പെട്ട ഒരു ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പുതിയ യുദ്ധത്തിനു എഐവൈഎഫിന്റെ പ്രവർത്തകർ ഇറങ്ങി പുറപ്പെടുകയാണ്.
അപക്വമായ നടപടികളിലൂടെ ചെങ്കോലും കിരീടവും ഏറ്റുവാങ്ങി തങ്ങൾക്കില്ലാത്തൊരു ചരിത്രം നാളെയുടെ ലിപികളിൽ എഴുതിച്ചേർക്കാനൊരുങ്ങിയവർ എഐവൈഎഫ് എന്ന പ്രസ്ഥാനത്തെ ഭയക്കണം. ഇന്ത്യൻ ജാനാധിപത്യത്തെയും ഐക്യത്തേയും മതനിരപേക്ഷതയേയും സംരക്ഷിക്കാൻ സമരഭൂമിയിൽ രക്തസാക്ഷിത്വം നൽകാൻ മടിയില്ലാത്ത പ്രസ്ഥാനമാണ് എഐവൈഎഫ്. ഇന്ത്യ മഹാരാജ്യത്ത് സമരമുഖങ്ങളിൽ കൊടിയുടെ നിറം നോക്കാതെ ചെറുപ്പക്കാർ ആരംഭിക്കാൻ പോകുന്ന സമരപോരാട്ടങ്ങളുടെ തുടക്കമാണ് ഇവിടെ കുറിക്കപ്പെടുന്നത്. എഐവൈഎഫ് ഇന്നലകളിൽ ഉയർത്തിപ്പിടിച്ച മുഴുവൻ പോരാട്ടത്തിന്റെ കരുത്ത് ജനസമക്ഷത്തിൽ അവതരിപ്പിച്ച് ഏതുവലിയ പോരാട്ടത്തെയും നേരിടാൻ തങ്ങൾ തയ്യാറാണെന്ന് പ്രഖ്യപിച്ച് തൃശൂർ എത്തിച്ചേർന്ന എല്ലാ പ്രവർത്തകർക്കും അദ്ദേഹം അഭിവാദ്യങ്ങൾ നേർന്നു.