കെ രാജൻ (റവന്യൂ മന്ത്രി)
സഖാവ് സി കെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങൾക്ക് എന്നും ആവേശമായിരുന്ന പേര്. ഗോവ വിമോചന പോരാട്ടത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാവ്. പോർച്ചുഗീസ് പടയുടെ പീരങ്കികൾക്കു മുന്നിൽ ഗോവയെ മോചിപ്പിക്കുന്നതിനായി നെഞ്ച് വിരിച്ചു നിന്ന് പോരാടിയ ഉജ്ജ്വലനായ വിദ്യാർത്ഥി നേതാവായിരുന്നു. ഞങ്ങൾക്ക് എന്നും ആവേശമാണ് സഖാവ് സി.കെ.
നിയമസഭയിലും പാർലമെന്റിലും തിളങ്ങിയ മികച്ച പാർലമെന്റേറിയൻ കൂടിയായിരുന്നു സി കെ. നാം ഇന്ന് അനുഭവിക്കുന്ന തൊഴിലില്ലായ്മ വേതനം സഖാവ് സി കെ പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിലൂടെയാണ് നേടിയെടുത്തത്. 18 വയസിൽ പ്രായപൂർത്തി വോട്ടവകാശത്തിനു വേണ്ടി ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട സ്വകാര്യ ബില്ല് സഖാവ് സി കെ യുടെ പേരിലുള്ളതാണ്. തൃശൂരിൽ നിന്ന് അദ്ദേഹം പാർലമെന്റ് മെമ്പർ ആയ അവസരത്തിലാണ് തെരഞ്ഞെടുപ്പ് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നത്.
ഒരു പാർലമെന്റേറിയൻ എങ്ങനെയായിരിക്കണം എന്നത് പഠിപ്പിച്ചു തന്നത് സഖാവ് സി കെ യുടെ പ്രവർത്തനങ്ങളിലൂടെയാണ്. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടിരുന്ന സ:സി കെ കുമാരപണിക്കരുടെ മകൻ സഖാവ് സി കെ ചന്ദ്രപ്പൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായപ്പോൾ ലളിതമായ രാഷ്ട്രീയ പ്രവർത്തന ശൈലിയിലൂടെയും ഉറച്ച നിലാപടുകളിലൂടേയും വ്യത്യസ്തനായി നിന്നു.
വലിയ ചുടുകാട്ടിൽ അലിഞ്ഞു ചേരുന്നതിനു മുൻപുള്ള വിലാപയാത്ര അതിന്റെ അടയാളമായിരുന്നു. പതിനായിരങ്ങളാണ് ആ വിലപാ യാത്രയിൽ അണിയായത്. ഓർമ്മകളിൾ എന്നും ജ്വലിക്കുന്ന നക്ഷത്രമായ് ഞങ്ങളുടെ വഴികാട്ടിയായി സഖാവ് സി.കെ എന്നും നിലനിൽക്കും.