തിരുവനന്തപുരം: പ്രതിപക്ഷവും മാധ്യമങ്ങളും നുണ കോട്ടകൾ തീർത്ത് സർക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഈ സർക്കാർ കരുത്തോടെ മുന്നോട്ടു പോവുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. ജനങ്ങൾക്ക് മുന്നിൽ വെച്ച വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കി മുന്നോട്ടു പോവുകയാണ് സർക്കാർ.
പറഞ്ഞതെല്ലാം നടപ്പാക്കിയാണ് തുടർഭരണം ജനങ്ങൾ തങ്ങളെ ഏൽപ്പിച്ചിട്ടുള്ളത്. തികഞ്ഞ ഉത്തരവാദിത്വത്തോടെ ഒരു മന്ത്രി എന്ന നിലയിൽ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി കെ രാജന്റെ വാക്കുകളിലൂടെ
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തുടർഭരണത്തിലൂടെ അധികാരത്തിലെത്തിയതിന്റെ നാലാം വാർഷികമാണ് ഇന്ന്. ജനങ്ങൾക്ക് മുന്നിൽ വെച്ച വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കി മുന്നോട്ടു പോവുകയാണ് സർക്കാർ. പ്രതിപക്ഷവും മാധ്യമങ്ങളും നുണ കോട്ടകൾ തീർത്ത് സർക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഈ സർക്കാർ കരുത്തോടെ മുന്നോട്ടു പോവുകയാണ്.
പറഞ്ഞതെല്ലാം നടപ്പാക്കിയാണ് തുടർഭരണം ജനങ്ങൾ ഞങ്ങളെ ഏൽപ്പിച്ചിട്ടുള്ളത്. തികഞ്ഞ ഉത്തരവാദിത്വത്തോടെ ഒരു മന്ത്രി എന്ന നിലയിൽ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിനാണ് ശ്രമിക്കുന്നത്. ഇതിനോടകം ഭൂമിയില്ലാത്ത രണ്ട് ലക്ഷത്തിലധികം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കാൻ നമുക്ക് സാധിച്ചു. ആ പ്രവർത്തനങ്ങൾ ശക്തമായി ഇനിയും മുന്നോട്ടു പോവുകയാണ്.
അതിനായി പട്ടയ മിഷൻ സർക്കാർ രൂപീകരിച്ചു. ഭൂമിയോളം തന്നെ പ്രധാനമാണ് ഭൂമിക്ക് രേഖ എന്നുള്ളത്. അതുകൊണ്ട് തന്നെയാണ് എല്ലാ ഭൂമിക്കും രേഖ ഉറപ്പാക്കുന്നതിനായി ഡിജിറ്റൽ റീസർവ്വെ നമ്മൾ ആരംഭിച്ചിട്ടുള്ളത്. ആധുനിക സാങ്കേതിക വിദ്യകളോടെ സംസ്ഥാനത്ത് റീസർവ്വെ പുരോഗമിക്കുകയാണ്.
ഡിജിറ്റൽ യുഗത്തിലേക്ക് മുന്നോട്ടു പോവുന്ന നമുക്കായി എല്ലാ സേവനങ്ങളും സ്മാർട്ടാക്കുവാൻ സർക്കാർ തീരുമാനിച്ചു. റവന്യൂ വകുപ്പിലെ എല്ലാ സേവനങ്ങളും ഡിജിറ്റൽ ഡിവൈസിൽ ലഭ്യമാവുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇനി ഓൺലൈനിൽ ലഭ്യമാവും.
സംസ്ഥാനത്തെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകൾ അതിന്റെ കെട്ടിലും മട്ടിലും മാറി കൊണ്ടിരിക്കുന്നു. സ്മാർട്ട് വില്ലേജ് ഓഫീസുകളായി അവ രൂപാന്തരപ്പെടുകയാണ്.
വീടില്ലാത്ത കുടുംബങ്ങൾക്ക് വീട് നൽകുന്ന കാര്യത്തിലും ഈ സർക്കാർ ലോകത്തിന് മാതൃകയായി. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുമായി നമ്മുടെ സർക്കാർ കരുത്തോടെ മുന്നോട്ടു പോവുകയാണ്.