കൊച്ചി: വയനാട് ദുരന്തബാധിതരിൽ ഒരാളെയും കൈവിടാതെ അവസാനത്തെയാളെയും സർക്കാർ പുനരധിവസിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. എറണാകുളത്ത് നടന്ന എ ഐ വൈ എഫ് സംസ്ഥാന കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സമീപ ഭൂതകാലത്തൊന്നും ഉണ്ടാകാത്ത 298 പേരുടെ ജീവൻ അപഹരിച്ച വലിയൊരു ദുരന്തം മുണ്ടക്കൈ , ചൂരലമലയിൽ ഉണ്ടായിട്ടും ദേശീയ ദുരന്ത നിവാരണ കമ്മിറ്റി യോഗം ചേർന്ന് ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാൻ തീരുമാനിക്കേണ്ടതായിരുന്നു അതുണ്ടായില്ല. ദുരന്തസ്ഥലം സന്ദർശിച്ച് ദുരന്തബാധിതരുമായി ആശയവിനിമയം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയും കേരളത്തോട് വിവേചനം കാണിച്ചു.
കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് അവതരണവേളയിൽ പോലും ഈ ദുരന്തത്തെപ്പറ്റി ഒരു വാക്ക് പറയാൻ പോലും ശ്രമിക്കാതെ ബോധപൂർവം കേരളത്തോട് കേന്ദ്രം രാഷ്ട്രീയമായ അവഗണന കാണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെയും ഫെഡറലിസത്തെയും ഭരണഘടനയേയും മാനിക്കാതെ വർഗീയത ആളിക്കത്തിച്ച്അതിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
മണിപ്പൂരിൽ നടന്ന കലാപംത്തിന്റെ ഉത്തരവാദികൾ കേന്ദ്രസർക്കാരാണ്. ജനാധിപത്യം ഇല്ലാതാക്കി അവിടെ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ പുരോഹിതരടക്കമുള്ളവരെ ആക്രമിക്കപ്പെടുന്നു. മുനമ്പത്തും പ്രശ്ന പരിഹാരത്തിന് പകരം രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നത്. വര്ഷങ്ങളായി ഇവിടെ താമസിച്ചുകൊണ്ടിരിക്കുന്ന ഒരാളെയും ഇവിടെ നിന്നും കുടിയൊഴിപ്പിക്കില്ലെന്നും നിയമപരമായ അവകാശങ്ങൾ സ്ഥായിയായി സ്ഥാപിച്ചുകിട്ടാൻ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം മന്ത്രി പറഞ്ഞു.
എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ആർ തിരുമലൈ, സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ, ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി പി കബീർ, നേതാക്കളായ പി കെ സമദ് , ആർ ജയൻ , എസ് വിനോദ് കുമാർ , വിനിത വിൻസൻറ് ,കെ ഷാജഹാൻ ,പ്രസാദ് പാറേരി ,കെ വി രജീഷ്ആർ രാഹുൽ രാജ് , എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ ആർ റെനീഷ്, ജില്ലാ പ്രസിഡന്റ് പി കെ രാജേഷ് എന്നിവർ പ്രസംഗിച്ചു.