വർത്തമാന കേരളം രൂപപ്പെട്ടതിന് പിന്നിൽ സാഹിത്യ സാംസ്‌കാരിക സംഘടനകൾക്കുള്ള പങ്ക് വിസ്മരിക്കാൻ കഴിയുന്നതല്ലെന്ന് റവന്യു മന്ത്രി കെ രാജൻ. സാമൂഹ്യ നീതിക്കും സമത്വാധിഷ്ഠിത സമൂഹ സംസ്ഥാപനത്തിനുമായുള്ള സാമൂഹ്യ നവോത്ഥാന നായകരുടെയും മറ്റു നവീകരണ പ്രസ്ഥാനങ്ങളുടെയും സമാനതകളില്ലാത്ത പോരാട്ടത്തിന്റെ ഫലമാണ് ഇന്നത്തെ കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച നവജീവൻ കൾചറൽ ഫോറത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം തമ്പാനൂർ ടി വി സ്മാരക ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തിൽ നിലനിന്നിരുന്ന സാമൂഹ്യ ദുരാചാരങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും അധ സ്ഥിത വർഗ്ഗത്തിന്റെ സാമൂഹ്യ നീതിക്കായും നവോത്ഥാന നായകർ നടത്തിയ ഐതിഹാസികമായ സമരങ്ങൾ പുതു തലമുറ ഗൗരവ പൂർവ്വം പഠിക്കേണ്ടതുണ്ടെന്നും കെ രാജൻ പറഞ്ഞു. ചടങ്ങിൽ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.