ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക മിഷൻ പ്രവർത്തനം തുടങ്ങിയതായി റവന്യു മന്ത്രി കെ രാജൻ. റവന്യു കമ്മീഷണറേറ്റിലെ ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തെ ഇതിനായി നിയമിക്കുമെന്നും എ രാജയുടെ ശ്രദ്ധക്ഷണിക്കലിനു മന്ത്രി മറുപടി നൽകി.
ദേവികുളം താലൂക്കിലെ കുറ്റിയാർവാലിയിൽ 770 പേർക്ക് 10 സെന്റ് വീതവും 2300 പേർക്ക് അഞ്ചു സെന്റ് വീതവും ഭൂമി അനുവദിച്ചിരുന്നു. ഇതിൽ ആദ്യ ഘട്ടത്തിൽ അനുവദിച്ച 770 പേർക്കുള്ള പട്ടയ നടപടികൾ ഏറെക്കുറെ പൂർത്തിയായി. പട്ടയ നടപടികൾ ത്വരിപ്പെടുത്താൻ ദേവികുളം സബ്കലക്ടറുടെ നേതൃത്വത്തിൽ ജൂനിയർ സൂപ്രണ്ട്, നാല് ക്ലാർക്ക്, രണ്ട് സർവേയർമാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ നിയമിക്കാൻ കലക്ടർക്ക് അനുമതിയും നൽകി.
പട്ടയ നടപടികൾ പുനരാംരഭിച്ചെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മൂലം നടപടികളിൽ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് നടപടികൾ അവസാനിച്ച സാഹചര്യത്തിൽ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ പട്ടയ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.