വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ദുരന്തത്തിന്റെ വ്യാപ്തി ഗൗരവത്തോടെ കാണേണ്ടതാണെന്ന് മന്ത്രി കെ രാജൻ. രക്ഷാദൗത്യം മുഖ്യമന്ത്രി തന്നെ നേരിട്ട് നിയന്ത്രിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. എയർ ലിഫ്റ്റിംഗിനായി 2 ഹെലികോപ്റ്ററുകൾ ഉപയോഗിക്കുമെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി.
ഡിഫൻസ്, എൻഡിആർഎഫ് സേനകൾ സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. മൂന്നു മന്ത്രിമാർ ഉടൻ വയനാട്ടിലേക്ക് എത്തും. ആളുകൾ മുഴുവൻ അവിടേക്ക് പോകരുതെന്ന് മന്ത്രി നിർദേശം നൽകി. അത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകും. കാഴ്ചക്കാരായി അങ്ങോട്ട് പോകുന്നതിനനുസരിച്ച് പരിശീലനം സിദ്ദിച്ച രക്ഷാപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
തെറ്റായ വാർത്തകൾ പങ്കുവെക്കരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു. മരണം സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ പുറത്തുവിടാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. പാലം തകർന്നതാണോ, മണ്ണ് പാലത്തിനു മുകളിൽ മൂടിയതാണോ എന്നും ഉറപ്പായിട്ടില്ല. ആകാശത്തിലൂടെയും കരയിലൂടെയും വെള്ളത്തിലൂടെയും പോകാൻ കഴിയുന്ന മുഴുവൻ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു. അപകട സ്ഥലത്ത് കുടുങ്ങിയത് എത്ര ആളുകളെന്നും പൂർണമായ കണക്ക് പറയാൻ കഴിയില്ല. മൊബൈൽ റേഞ്ച് അവിടെ കിട്ടാത്ത പ്രതിസന്ധിയുണ്ടെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.