ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിൽ സർക്കാരിന് അമാന്തമില്ലെന്ന് മന്ത്രി കെ രാജൻ. പുനരധിവാസ പ്രവർത്തനങ്ങൾ ഷെഡ്യൂൾ പ്രകാരം മുന്നോട്ടു പോകും. ഭൂമി ഒരുമിച്ച് കിട്ടാനുള്ള പ്രശ്നമാണുള്ളതെന്നും മന്ത്രി അറിയിച്ചു. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിൻറെ കണക്കുകൾ സംബന്ധിച്ച് നേരത്തെ ഉണ്ടായിരുന്ന ആശങ്കകൾ ഇപ്പോൾ ഇല്ലെന്നും കോടതി അതെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.
ദുരന്തമുഖത്ത് മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്ന് കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞിരുന്നു. കണക്കുകൾ പരിശോധിച്ച് വയനാടിനുള്ള പ്രത്യേകസഹായത്തിൽ തീരുമാനം എടുക്കാനും കോടതി നിർദ്ദേശം നൽകി. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് തൊട്ടുപിന്നാലെ എസ്ഡിആർഎഫിൽ നിന്ന് 21 കോടി രൂപ അനുവദിച്ചതായി സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.