കേന്ദ്രം ഒരു രൂപ പോലും സഹായം നൽകിയില്ലെങ്കിലും ചൂരൽമല-മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതരെ കേരളം ചേർത്തുനിർത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ. ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽ സഹായം നൽകാനാവില്ലെന്നാണ് ആഭ്യന്ത്ര മന്ത്രി അമിത് ഷാ വ്യക്തമാക്കിയത്. സഹായം ആവശ്യപ്പെട്ട് നിവേദനം നൽകാൻ വൈകിയെന്നും നവംബർ 13നാണ് നിവേദനം ലഭിച്ചതെന്നുമാണ് കേന്ദ്രം പറയുന്നത്. എന്നാൽ കേരളം നിവേദനം സമർപ്പിച്ചത് ആഗസ്ത് 17നാണ്. എം പി മാർ ഒപ്പിട്ട് നൽകിയ നിവേദനത്തിൽ ധനസഹായം നൽകില്ലെന്ന് കേന്ദ്രം ആവർത്തിക്കുകയാണെന്നും കെ രാജൻ പറഞ്ഞു.
1202 കോടിയുടെ നഷ്ടമുണ്ടായ കേരളത്തിന് കേന്ദ്രത്തിൽ നിന്നും അധിക സഹായം ആവശ്യപ്പെട്ടിരുന്നു. ഹിമാചൽ പ്രദേശ്, ത്രിപുര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നൽകിയതുപോലെ കേരളത്തിന് അധിക സഹായം നൽകണമെന്ന് കോടതി പറഞ്ഞിട്ടും ഒരു നിർദേശവും കേന്ദ്രം നൽകിയില്ല. കേരളം ആവശ്യങ്ങളുന്നയിച്ച് നിവേദനം നൽകിയതിന് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽകണ്ട് ആവശ്യങ്ങൾ അറിയിച്ചു. ഇത് പരിശോധിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതിന് ശേഷം ദേശീയ ദുരന്ത നിവാരണ അതോറിറ്റി കേരളത്തിന് അയച്ച് എല്ലാ കത്തിലും ഇക്കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നാണ് അറിയിച്ചിരുന്നത്.
ചൂരൽമല-മുണ്ടക്കൈ ദുരന്തം എൽ-3 പ്രകാരം ഡിസാസ്റ്റർ ഓഫ് സിവിയർ നേച്ചറിൽ(ദേശീയ തലത്തിൽ) പെടുത്തണം, മേപ്പാടിയിലെ 10,11, 12 വാർഡുകളിലെ ദുരന്തബാധിതരായ ആളുകളുടെ കടങ്ങൾ എഴുതിത്തള്ളണം എന്നീ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിരുന്നത്. എന്നാൽ നിവേദനം നൽകി നാലുമസമായിട്ടും കേന്ദ്രത്തിൽ നിന്നും മറുപടിയില്ല. കേരള ബാങ്കിലെ കടങ്ങൾൾ എഴുതി തള്ളാനാണ് സംസ്ഥാനത്തിന് അധികാരമുള്ളത്. സംസ്ഥാനതല ബാങ്കിങ്ങ് കമ്മിറ്റി(എസ് എൽ ബി സി)യിൽ കടങ്ങൾ എഴുതിതള്ളാനുള്ള വിഷയം അവതരിപ്പിച്ചിരുന്നു. കേരള ബാങ്കിലെ ആറ് കോടി രൂപ കടവും ഇതിനകം സംസ്ഥാന സർക്കാർ എഴുതിത്തള്ളിയെന്നു കെ രാജൽ അറിയിച്ചു.
ദുരന്തനിവാരണ നിയമം 2005 പ്രകാരം ദേശ സാത്കൃത ബാങ്കുകളിലെ കടങ്ങൾ എഴുതിത്തള്ളാനുള്ള അധികാരം ദുരന്ത നിവാരണ അതോറിറ്റിക്കാണ്. അധികാരമുപയോഗിച്ച് കേന്ദ്ര സർക്കാർ ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം ഇതുവരെ അതിന് തയാറായിട്ടില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു.