വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസ നിർമാണ പ്രവർത്തനം വൈകിയെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മന്ത്രി കെ രാജൻ. ദുരന്തമുണ്ടായി രണ്ടു മാസം പൂർത്തിയാകുന്നതിന് മുമ്പുതന്നെ ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. ആ സർക്കാർ ഉത്തരവാണ് ഇപ്പോൾ കോടതി അംഗീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
കോടതിവിധി ആഹ്ലാദകരമായ കാര്യമാണ്. സർക്കാർ എടുത്ത സമയം ഒട്ടും വൈകിയതല്ല എന്നതാണ് കോടതിക്ക് ബോധ്യപ്പെട്ടത്. സ്പോൺസർമാരുമായി അടുത്തവർഷം ആദ്യ ആഴ്ച മുഖ്യമന്ത്രി കൂടി കാഴ്ച നടത്തും. പുനരധിവസിപ്പിക്കേണ്ടവരുടെ തെളിമയാർന്ന പട്ടിക ഉടൻ പുറത്തുവിടും.
ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചില്ല എന്നും കാലതാമസം ഇല്ലാതെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളാണ് കോടതിയെ ബോധ്യപ്പെടുത്തിയത്. ഇതിനാണ് കോടതി അനുമതി നൽകിയത്, അർഹമായ തുക എസ്റ്റേറ്റ് ഉടമകൾക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു.
തോട്ടം ഏറ്റെടുക്കുന്നതിനെതിരായ ഉടമകകൾ നൽകിയ ഹർജി തള്ളിയ ഹൈക്കോടതി അർഹമായ നഷ്ട പരിഹാരം നൽകി പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാമെന്ന് നിർദേശിക്കുകയായിരുന്നു. തോട്ടം ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺസ്, എൽസ്റ്റോൺ ഉടമകളായിരുന്നു കോടതിയെ സമീപിച്ചത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സർവേ നടപടികൾ ഉടൻ ആരംഭിക്കാം എന്നും ഭൂമി ഏറ്റെടുക്കുമ്പോൾ ഉടമകൾക്ക് നഷ്ടപരിഹാരം നൽകണം എന്നുമാണ് കോടതി വിധി.
ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സർക്കാരിന് സൗകര്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഭൂമി ദുരന്തനിവാരണ നിയമ പ്രകാരമാണ് ഏറ്റെടുക്കുക.127.11 ഹെക്ടർ ഭൂമിയാണ് മാതൃകാ ടൗൺഷിപ്പ് സ്ഥാപിക്കുന്നതിന് സർക്കാർ ഏറ്റെടുക്കുന്നത്.