തൃശ്ശൂർ പൂരം കലക്കൽ സംഭവം മന്ത്രിസഭാ യോഗത്തിൽ ശക്തമായി ഉന്നയിച്ച് റവന്യൂ മന്ത്രി കെ രാജൻ. പൂരം കലക്കൽ വിവാദത്തിന്റ ഗൗരവം അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തേക്കാൾ കൂടിയെന്ന് എഡിജിപിക്കും പൊലീസുകാർക്കുമെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് മന്ത്രി പറഞ്ഞു. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജൻ വിമർശിച്ചത്. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയ്ക്കായി കാത്തിരിക്കണമെന്നായിരുന്നു ഇതിന് മുഖ്യമന്ത്രി നൽകിയ മറുപടി.
പൂരം കലക്കലിൽ എഡിജിപിയുടെ റിപ്പോർട്ട് ഡിജിപിയുടെ കവറിംഗ് ലെറ്ററോടെ കിട്ടിയെന്ന് മുഖ്യമന്ത്രിയാണ് ആദ്യം മന്ത്രിസഭാ യോഗത്തെ അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു സംഭവത്തിന്റെ ഗൗരവം കൂടിയെന്ന നിലക്ക് സിപിഐയുടെ രാഷ്ട്രീയ നിലപാട് റവന്യു മന്ത്രി കാബിനറ്റിൽ ഉന്നയിച്ചത്. എഡിജിപിയുടെ അന്വേഷണം പ്രഖ്യാപിച്ച സമയത്തെക്കാൾ സ്ഥിതി മാറി. പൂരം കലക്കലിന്റെ ഗൗരവം കൂടിയെന്നും ശക്തമായ അന്വേഷണവും നടപടിയും വേണമെന്നും കെ രാജൻ ആവശ്യപ്പെട്ടു.