തൃശൂർ: കേരള സർക്കാർ 2022-23 വർഷത്തെ സംരംഭ വർഷമായി പ്രഖ്യാപിച്ചു കൊണ്ട് “ഒരു വർഷം, ഒരു ലക്ഷം സംരംഭങ്ങൾ ” എന്ന പദ്ധതിയുമായി മുന്നോട്ട് പോവുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാനത്ത് ഈ വർഷം ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. വ്യവസായ – വാണിജ്യ വകുപ്പാണ് ഈ പദ്ധതി പ്രവർത്തനങ്ങളുടെ ഏകോപനം നടത്തുന്നത്. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇൻ്റേണുകളെ നിയമിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പദ്ധതിയുടെ ഒല്ലൂർ നിയമസഭാ മണ്ഡലം തല അവലോകന യോഗം ചേർന്നു. ഒല്ലൂർ നിയോജക മണ്ഡലത്തിലെ 4 ഗ്രാമപഞ്ചായത്തുകളിലും, കോർപ്പറേഷനിലെ 14 ഡിവിഷനുകളിലുമായി 7 ഇൻ്റേണുകൾ പ്രവർത്തിക്കുന്നു. നടപ്പ് സാമ്പത്തിക വർഷം 944 സംരംഭങ്ങൾ ഒല്ലൂർ മണ്ഡലത്തിൽ ആരംഭിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംരംഭകരെ കണ്ടെത്തുന്നതിനായി സംരംഭകത്വ ബോധവത്കരണ സെമിനാറുകൾ നടത്തി. ഇതിൽ പങ്കെടുത്തവരിൽ നിന്നും സംരംഭം ആരംഭിക്കാൻ മുന്നോട്ടു വന്നവർക്കായി പ്രാരംഭ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇതിനായി ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നു. സംരംഭകർക്കായി വായ്പ, സബ്സിഡി / ലൈസൻസ് മേളകൾ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പൂർത്തീകരിച്ചു. മണ്ഡലത്തിൽ 1059 പേർ ഇത്തരം മേളകളിൽ പങ്കെടുത്തു. 61 പേർ ബാങ്ക് വായ്പക്കായി അപേക്ഷിച്ചതിൽ 29 സംരംഭകർക്ക് വായ്പ ഇതിനകം നൽകാനായിട്ടുണ്ട്. മറ്റ് അപേക്ഷകൾ പരിശോധനാ ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.