എൻ അരുൺ
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്
ബാബരി മസ്ജിദുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ജാംബവാന്റെ കാലത്തുള്ള രാഷ്ട്രീയം പറയേണ്ടതില്ലെന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയിൽ ഒട്ടും അതിശയം തോന്നേണ്ടതില്ല. രാജ്യത്തിന്റെ ബഹുസ്വരത തകർക്കുമെന്ന ദീർഘവീക്ഷണത്താൽ 1949ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അടച്ചുപൂട്ടാൻ ഉത്തര വിട്ട ബാബറി മസ്‌ജിദ് 1986 ഫെബ്രുവരി 1ന് ഹിന്ദുത്വ സംഘടനകൾക്ക് ആരാധന നടത്താൻ തുറന്നുകൊടുക്കുക വഴി തീവ്ര വർഗീയതയിലധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്ര നിർമ്മാണത്തിനായുള്ള കുല്സിത ശ്രമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ നേതൃത്വം കൊടുത്തത് സുധാകരന്റെ പാർട്ടിയായിരുന്നുവല്ലോ!
1983ൽ മുസാഫർ നഗറിൽ വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച ഹിന്ദു സമ്മേളനത്തിൽ അയോധ്യയിൽ ക്ഷേത്ര നിർമ്മാണം പരസ്യമായി ആവശ്യപ്പെട്ട ആദ്യത്തെ രാഷ്ട്രീയ പാർട്ടി കോൺഗ്രസായിരുന്നു.ഈ സമ്മേളനത്തിൽ പങ്കെടുത്ത് ഉത്തരേന്ത്യയിലെ മൂന്ന് മസ്ജിദുകൾ പണിതത് തകർക്കപ്പെട്ട ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾക്ക് മുകളിലാണെന്നും അത് കൊണ്ട് തന്നെ മധുര,കാശി,അയോധ്യ മസ്ജിദുകൾ തകർത്ത് അടിയന്തിരമായി ക്ഷേത്രങ്ങൾ നിർമ്മിക്കണമെന്നുമുള്ള ആവശ്യം യു പി യിലെ കോൺഗ്രസ് മന്ത്രിയായിരുന്ന ദാവു ദയാൽ ഖന്നയായിരുന്നു പരസ്യമായി ഉന്നയിച്ചത് .
തന്നെയുമല്ല ഇക്കാര്യം ആവശ്യപ്പെട്ട് 1983 മെയ് മാസത്തിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അദ്ദേഹം കത്തെഴുതുകയും ചെയ്തു.
അയോധ്യയിൽ ക്ഷേത്രമെന്ന ആവശ്യം കോൺഗ്രസ് നേതാവായിരുന്ന ഇദ്ദേഹം ഉന്നയിച്ചതിന് ശേഷം മാത്രമാണ് ഓർഗനൈസറും വിശ്വഹിന്ദു പരിഷത്തും ഏറ്റെടുക്കുന്നത് എന്നോർക്കണം. മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ ജീവചരിത്രം “ഹാഫ് ലയൺ’ രചിച്ചതിലൂടെ പ്രശസ്തനായ വിനയ്സേതുപതിയുടെ ‘ജുഗൽബന്ദി: മോദിക്ക് മുൻപുള്ള ബിജെപി ‘ എന്ന ഗ്രന്ഥത്തിൽ ഇക്കാര്യങ്ങൾ അടിവരയിട്ട് പറയുന്നുണ്ട്.1984 ലെയും 1989ലെയും പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ രാജീവ് ഗാന്ധിക്ക് പരി പൂർണ്ണ പിൻതുണ പ്രഖ്യാപിച്ച ആർഎസ് 1989ലെ ലോക്സഭാ തിരഞ്ഞെടുപ്പു വിജയത്തിനായി സർസംഘചാലക് ബാബാ സാഹിബ് ദേവരസിനെ ചുമതലപ്പെടുത്തിയതും മതേതര ഇന്ത്യ മറന്നിട്ടില്ല.
2023 നവംബറിൽ നടന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ 1989 ൽ രാജീവ് ഗാന്ധി നടത്തിയ ശിലാന്യാസത്തെക്കുറിച്ച് ബിജെപിയെയും വോട്ടർമാരെയും ഓർമ്മിപ്പിച്ചായായിരുന്നു മധ്യ പ്രാദേശിൽ കമൽ നാഥും കോൺഗ്രസും തെരഞ്ഞെടുപ്പിനെ നേരിട്ടത്. 1992 ഡിസംബർ ആറിലെ ബാബറി ധ്വംസനത്തിലൂടെ രാജ്യത്ത് അധികാരത്തിലേക്കുള്ള വഴി തുറന്ന ഭൂരിപക്ഷ വർഗീയത മതവിശ്വാസത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണ മണി മുഴക്കുന്നുവെങ്കിൽ അതിന് അവർക്ക് പ്രചോദനം നൽകിയത് ഇന്നലെകളിൽ രാഷ്ട്രീയ അധികാരം ലക്ഷ്യം വെച്ച് കൊണ്ട് വർഗ്ഗീയതയെ ഒളിഞ്ഞും തെളിഞ്ഞും പ്രീണിപ്പിച്ച കോൺഗ്രസ് നിലപാട് മാത്രമായിരുന്നു. അത് കൊണ്ട് തന്നെ ബാബരി മസ്ജിദിനെ കുറിച്ചുള്ള ഓർമ്മകൾ സുധാകരനിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത് സ്വാഭാവികം.