Monday, November 25, 2024
spot_imgspot_img
HomeKeralaബിജെപിയിൽ കൂട്ട അടി; നിൽക്കണോ പോണോ എന്ന് കേന്ദ്രം തീരുമാനിക്കും: സുരേന്ദ്രൻ

ബിജെപിയിൽ കൂട്ട അടി; നിൽക്കണോ പോണോ എന്ന് കേന്ദ്രം തീരുമാനിക്കും: സുരേന്ദ്രൻ

സംസ്ഥാന പ്രസിഡന്റായി താൻ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാർട്ടി നേതൃത്വമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തനിക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കിൽ ഓഡിറ്റ് ചെയ്യപ്പെടണമെന്നും പാർട്ടിക്കെതിരെയും തനിക്കെതിരെയും പരസ്യ പ്രസ്താവനകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോ​ധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധനാണെന്ന് കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രൻ അറിയിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സുരേന്ദ്രനെതിരെ പാർട്ടിൽ കാലാപക്കൊടി ഉയർന്നതോടെയായിരുന്നു നീക്കം. പാർട്ടിയിലെ നിരവധി പ്രമുഖരാണ് സുരേന്ദ്രനെതിരെ പരസ്യമായി രം​ഗത്തെത്തിയത്. എന്നാൽ സുരേന്ദ്രൻ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് സുരേന്ദ്രൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

സംസ്ഥാനത്തെ ബിജെപിക്കെതിരെ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾക്ക് പിന്നിൽ കോൺ​ഗ്രസും മാധ്യമങ്ങളുമാണെന്ന് സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥാനാർഥി നിർണയത്തിലും ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. സ്ഥാനാർഥിയെ താനല്ല തീരുമാനിച്ചത്. സ്ഥാനാർഥി നിർണയത്തിന് ചുമതലപ്പെടുത്തിയത് കുമ്മനം രാജശേഖരനെയായിരുന്നു. മൂന്ന് പേരുകൾ അദ്ദേഹം നൽകി. എന്നാൽ രണ്ട് പേർ മത്സരിക്കാൻ തയ്യാറായില്ല. അത് കേന്ദ്രത്തെ അറിയിച്ചു. ദേശീയ നേതൃത്വമാണ് സ്ഥാനാർഥിയെ നിർണയിച്ചത്. കൃഷ്ണകുമാർ അവസാന നിമിഷം വരെ മത്സരിക്കില്ലെന്ന് പറഞ്ഞുവെന്നും പാർട്ടി നിർബന്ധിച്ചതിനാലാണ് അദ്ദേഹം മത്സരിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. എന്നാൽ സ്ഥാനാർഥിയായി പരി​ഗണിച്ചവരിൽ ശോഭാ സുരേന്ദ്രന്റെ പേരുണ്ടായിരുന്നോ എന്ന് പറയാൻ സുരേന്ദ്രൻ തയാറായില്ല.

ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിയാതിരിക്കുന്നത് ആദ്യമല്ലെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. അരുവിക്കര, ചേലക്കര, കോന്നി, വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ അല്ലാതെ കേരളത്തിൽ ഇന്നേവരെ ഒരു ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് വോട്ടിങ് ശതമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. പിറവം ഉപതെരഞ്ഞെടുപ്പ് നടന്നത് വി മുരളീധരൻ പ്രസിഡന്റായിരിക്കുമ്പോൾ ആണ്. 2000 വോട്ടാണ് കിട്ടിയത്. അന്നാരും അദ്ദേഹം രാജി വയ്ക്കണമെന്ന് പറഞ്ഞിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിക്കുമ്പോൾ ക്രെഡിറ്റ് മറ്റുള്ളവർക്കും പരാജയം ഉണ്ടായാൽ പഴി പ്രസിഡന്റിനും ആകുന്നത് സ്വാഭാവികമാണ്. അതേറ്റെടുക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

പാർട്ടിയിൽ തനിക്കെതിരെ ആരും നിലപാട് എടുക്കുന്നില്ല എന്നാണ് സുരേന്ദ്രന്റെ വാദം. എന്നാൽ വി മുരളീധരനും മുതിർന്ന നേതാവ് എൻ ശിവരാജനും അടക്കമുള്ളവർ സുരേന്ദ്രനാണ് തോൽവിയുടെ ഉത്തരവാദി എന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. ബിജെപി നേതൃത്വത്തിനെതിരെ പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരനും ഇന്ന് രംഗത്ത് വന്നു. പാലക്കാട് സ്ഥാനാർഥി നിർണയം പാളിയെന്ന് പ്രമീള വിമർശിച്ചു. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നപോലെയാണ് ബിജെപി നേതൃത്വം ഇപ്പോൾ നഗരസഭയോടെ പെരുമാറുന്നത് എന്നും പ്രമീള അഭിപ്രായപ്പെട്ടു.

ബിജെപിക്ക് വോട്ട് കുറഞ്ഞുവെന്നും ആരുടെയും ഔദാര്യം കൊണ്ടല്ല നഗരസഭയിൽ ബിജെപി ഭരണം നേടിയത് എന്നും എൻ ശിവരാജൻ വിമർശിച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷൻ പ്രചാരണത്തിന് നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ചയുണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിപ്പിൽ പറഞ്ഞത് സുരേന്ദ്രനെ വിമർശിച്ചുകൊണ്ടായിരുന്നു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരും ജനങ്ങൾക്ക് താല്പര്യം ഉള്ളവരും സംഘടനയുടെ മുഖമാവണമെന്നും സംഘടന ആരുടെയും വഖഫ് പ്രോപ്പർട്ടി അല്ലെന്നുമായിരുന്നു ബിജെപി സംസ്ഥാന സമിതി അം​ഗം സി വി സജനി പ്രതികരിച്ചത്. ‌‌ശോഭാ സുരേന്ദ്രനും പി കെ കൃഷ്ണദാസ് പക്ഷവും തന്ത്രപരമായ മൗനത്തിലാണ്. ശോഭ സ്ഥാനാർഥിയാക്കണം എന്നായിരുന്നു കുമ്മനമടക്കമുള്ള നേതാക്കളുടെ അഭിപ്രായമെന്നും ഇതിനെ എതിർത്ത് കെ സുരേന്ദ്രൻ തനിക്ക് താൽപര്യമുള്ള സ്ഥാനാർഥിയെ നിർത്തിയെന്നും വിമർശമുണ്ട്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares