ടി കെ മുസ്തഫ വയനാട്
വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് വിജയിച്ചാൽ വയനാട്ടിലെ പ്രധാന പട്ടണമായ സുൽത്താൻ ബത്തേരിയുടെ പേര് ‘ ഗണപതി വട്ടം ‘ എന്ന് ഭേദഗതി ചെയ്യുമെന്ന എൻ ഡി എ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്റെ പ്രസ്താവന വിദേശ- കൊളോണിയൽ വാഴ്ചകളുടെ പ്രതീകങ്ങളുടെയും സ്മൃതികളുടെയും നിർമ്മാർജനമെന്ന ലേബലിൽ ആർ എസ് എസ് നിയന്ത്രണത്തിലുള്ള ബിജെപി ഭരണം രാജ്യത്ത് വന്നതിനുശേഷം വ്യത്യസ്ത ഘട്ടങ്ങളിലായി നടപ്പാക്കിക്കൊണ്ടിരിക്കുന്നചരിത്രസ്മാരകങ്ങളുടെയും പ്രദേശങ്ങളുടെയും പേര് മാറ്റത്തിന്റെ തുടർചയായി തന്നെ വിലയിരുത്തേണ്ടതുണ്ട്. സുൽത്താൻ ബത്തേരിയുടെ പൂർവ നാമം ‘ഗണപതി വട്ടം’ എന്നായിരുന്നുവെന്നും ടിപ്പു സുൽത്താന്റെ അധിനിവേശത്തിനു ശേഷമാണ് നിലവിലെ പേര് രൂപം കൊണ്ടതെന്നും വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി കടന്നു വന്ന സുൽത്താൻ ബത്തേരിയെ ഗണപതിവട്ടമെന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നുമാണ് വയനാട്ടിൽ വാർത്ത സമ്മേളനത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടത്!
രാജ്യതലസ്ഥാനത്ത്, രാഷ്ട്രപതിഭവനിൽ അഞ്ച് ഏക്കർ വിസ്തൃതിയിൽ മുഗൾ രാജവംശത്തിന്റെ സ്മരണയായി നില നിന്ന മുഗൾ ഉദ്യാനത്തെ ‘ആസാദി കാ അമൃത്’ മഹോത്സവത്തിൻറെ ഭാഗമായി
അമൃത് ഉദ്യാനമെന്ന പേരിലേക്ക് മാറ്റിയത് മുതൽ തങ്ങൾക്കനഭിമതമായതിനെ വൈദേശികവും രാജ്യത്തിന്റെ ഭാവാത്മകതയ്ക്ക് ഇണങ്ങാത്ത നിഷേധാത്മകതയുമായി വിലയിരുത്തി പുറം തള്ളുകയെന്ന നയം പരസ്യമായിത്തന്നെ പ്രകടിപ്പിച്ചിരുന്നു ഫാസിസ്റ്റ് ഭരണ കൂടം. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിശ്രുതനായ ബ്രിട്ടീഷ് വാസ്തുശിൽപ്പി എഡ്വിൻ ലൂട്ടെയ്ൻസ് രൂപകൽപ്പന ചെയ്തതായിരുന്നു മുഗൾ ഉദ്യാനം. ഡൽഹിയിലെ തന്നെ ഇന്ത്യാ ഗേറ്റ്, ജനപഥ്, രാജ്പഥ് റോഡുകൾ, ഹൈദരാബാദ് ഹൗസ്, ബറോഡ ഹൗസ്, ബിക്കാനീർ ഹൗസ്, പാട്യാല ഹൗസ് എന്നിവയുടെ രൂപകൽപ്പന നിർവഹിച്ചതും ലൂട്ടെയ്ൻസ് തന്നെയാണ്.
ഉത്തർപ്രദേശിൽ മുസ്തഫാബാദിനെ രാംപൂരായും അലഹാബാദിനെ പ്രയാഗ്
രാജായും ഫൈസാബാദിനെ അയോധ്യയായും ഫിറോസാബാദിനെ ചന്ദ്രനഗറായും മുഗൾസരാജിനെ ദീൻ ദയാൽ ഉപാധ്യായ നഗറായും ഭേദഗതി ചെയ്തത് വഴി ചരിത്രത്തെയും സംസ്കാരത്തെയും അക്ഷരാർത്ഥത്തിൽ ഭരണമേധാവിത്വത്തിന്റെ താല്പര്യങ്ങൾക്ക് കീഴ്പ്പെടുത്തുകയായിരുന്നു സംഘ് പരിവാർ. രാജ്യ തലസ്ഥാനത്തെ ബഹാദൂർഷാ സഫർ മാർഗിലെ ‘ഫിറോസ് ഷാ കോട്ല’ ക്രിക്കറ്റ് സ്റ്റേഡിയത്തിൻറെ പേര് ‘അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം’ എന്നാണ് പുനർനാമകരണം ചെയ്തത്.
20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഔദ്യോഗിക ക്ഷണക്കത്തിൽ പതിവിൽ നിന്ന് വിഭിന്നമായി ‘ഇന്ത്യയുടെ പ്രസിഡന്റ്’ ‘ഭാരതത്തിന്റെ പ്രസിഡന്റ്’ ആയി രൂപാന്തരപ്പെട്ടത് മുതൽ രാജ്യത്തിന്റെ പേര് മാറ്റവുമായി ബന്ധപ്പെട്ട പ്രസ്താവനകളും രാഷ്ട്രീയ വാദ പ്രതിവാദങ്ങളും ചർച്ചകളും സംവാദങ്ങളും രാജ്യത്താകമാനം അലയടിച്ചു കൊണ്ടിരിക്കുന്നത് നമുക്കറിയാം!
ഇന്ത്യ’ എന്നതിന് പകരം ‘ഭാരതം’എന്ന് ഉപയോഗിക്കണമെന്നും പുരാതന കാലം മുതൽ രാജ്യത്ത് പ്രചാരത്തിലുള്ള ‘ഭാരത’മെന്ന പേര് ഭാവിയിലും തുടരണമെന്നുമുള്ള ഗുവഹാത്തിയിൽ നടന്ന ‘സകൽ ജൈന സമാജ’ പരിപാടിയിൽ പങ്കെടുക്കവെ അഭിപ്രായപ്പെട്ട ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ ആഹ്വാനത്തിലൂടെയും
രാജ്യത്തിന് ഒരേ സമയം രണ്ട് പേരുകൾ അനുചിതവും ജി 20 ഉച്ച കോടിയിൽ പങ്കെടുക്കുന്നതിനായി ലോക രാഷ്ട്രത്തലവന്മാർ ഡൽഹിയിൽ സന്നിഹിതരായിരിക്കുന്ന സമയം പേര് മാറ്റത്തിന് അനുയോജ്യമായ സാഹചര്യമാണെന്നുമുള്ള ബംഗാളിലെ ബി ജെ പി നേതാവ് രാഹുൽ സിൻഹയുടേതടക്കമുളളവരുടെ പ്രസ്താവനകളിലൂടെയും പുറത്തു വന്നത് സ്വാതന്ത്ര്യ പൂർവ്വകാല അധിനിവേശത്തിന്റെയും സാമ്രാജ്വത്വത്തിന്റെയും ഓർമകൾ അപ്രസക്തമാക്കാനെന്ന ലേബലിൽ ഇന്ത്യയുടെ ബഹുസ്വരതയെയും സമന്വയ സംസ്‌കാരത്തെയും അട്ടിമറിക്കാനുള്ള ആർ എസ് എസിന്റെ കുത്സിത ശ്രമങ്ങൾ തന്നെയായിരുന്നു.
ഇന്ത്യയും ഭാരതവും രാജ്യത്തെ പൗരന്മാർക്കിടയിൽ പതിറ്റാണ്ടുകളായി തുല്യ നിലയിൽ തന്നെ വൈകാരികത സൃഷ്ടിച്ചിട്ടുണ്ട് എന്നിരിക്കെ, ഭരണ ഘടന നിർമ്മാണ സഭയുടെ കാലയളവിൽ തള്ളപ്പെട്ട വാദഗതിയെ വീണ്ടുമുയർത്തിക്കൊണ്ട് വന്ന് ജനങ്ങളെ ധ്രുവീകരിച്ചുള്ള ഫാസിസ്റ്റ് അജണ്ടയിലൂടെയുള്ള രാഷ്ട്രീയ ലാഭം തന്നെ ലക്ഷ്യം വെക്കുകയായിരുന്നു തല്പര കക്ഷികൾ!
പോർച്ചുഗീസ് ഭാഷയിലെ ‘ബത്തേറിയ’ (Batteria) എന്ന പദത്തിൽ നിന്നുമാണ് ബത്തേരിയെന്ന പേര് രൂപപ്പെട്ടത്.
മുൻപ് കന്നഡ ഭാഷയിൽ ‘ഹെന്നരഡ് വീഥി’ എന്നറിയപ്പെട്ട പ്രദേശത്തെ ടിപ്പു സുൽത്താൻ തന്റെ ആയുധപ്പുര (ബാറ്ററി) ആയി ഉപയോഗിക്കുകയും ‘സുൽത്താന്റെ ആയുധ പുര’ (സുൽത്താൻസ് ബാറ്ററി) എന്ന അർത്ഥത്തിൽ ഉപയോഗിച്ച് തുടങ്ങുകയും കാലക്രമേണ സുൽത്താൻ ബത്തേരിയായി മാറുകയും ചെയ്തു എന്നാണ് ചരിത്രം. ‘ഹെന്നരഡ്’ എന്നാൽ പന്ത്രണ്ട് എന്നും ‘വീഥി’ എന്നാൽ തെരുവുകൾ എന്നുമാണ് അർത്ഥം. പന്ത്രണ്ട് തെരുവുകൾ എന്ന് പറയുമ്പോൾ പന്ത്രണ്ട് ജൈന തെരുവുകൾ എന്നാണ് അർത്ഥമാക്കുന്നത്.
പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിൽ നിലവിൽ ഒരു ജൈന ക്ഷേത്രം സുൽത്താൻ ബത്തേരിയിലുണ്ട്. ചരിത്ര രേഖകൾ പ്രകാരം നിലവിലെ ക്ഷേത്രം ഉൾപ്പെടെ പന്ത്രണ്ട് തെരുവുകൾ ഉണ്ടായിരുന്നുവെന്ന് കാണാൻ കഴിയും.
ഇപ്പോഴത്തെ സുൽത്താൻ ബത്തേരിയെ സംബന്ധിച്ച് ചരിത്ര രേഖകളിലെ ആദ്യത്തെ പേര് ‘ഹെന്നരഡ് വീഥി’ എന്ന് തന്നെയാണ്.
സുൽത്താന്റെ ആയുധപ്പുര എന്ന വിളിപ്പേരിന് മുൻപ് ഗണപതി വട്ടം എന്ന് വിളിച്ചിരുന്നു എന്നതും സത്യം തന്നെ.
600 വർഷങ്ങൾക്ക് മുൻപ് വയനാട്ടിലേക്ക് കുടിയേറിയ കുറുമ്പ്രനാട് രാജവംശവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുമ്പോൾ അവിടെയുണ്ടായിരുന്ന ഗണപതി ക്ഷേത്രത്തിനു ചുറ്റുമുള്ള ചില സ്ഥലങ്ങളെ ചേർത്ത് ഗണപതിവട്ടം എന്ന് പരാമർശിക്കുമായിരുന്നുവെന്ന് വായിക്കാൻ കഴിയുന്നുണ്ട്.
എന്നാൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ പേര് ‘ഹെന്നരഡ് വീഥി’ എന്നായിരിക്കുകയും ഈ പേരിന് ആയിരത്തോളം വർഷത്തെ പഴക്കം ഉള്ളതായി രേഖകൾ സമർത്ഥിക്കുകയും ചെയ്യുമ്പോൾ ഗണപതി വട്ടത്തിന്നായുള്ള സുരേന്ദ്രന്റെ വാദം വിഭജനവും വിദ്വേഷവും സൃഷ്ടിച്ച് തങ്ങൾക്ക് അനഭിമതമായതിനെ അപരവത്കരിച്ചുള്ള രാഷ്ട്രീയ നേട്ടം സമർത്ഥമായി ഉപയോഗപ്പെടുത്താനുള്ള ഹിഡൻ അജണ്ടയുടെ ഭാഗം മാത്രമാണ്. തന്നെയുമല്ല ‘ഹെന്നരഡ് വീഥി’ ക്ക് മുൻപ് അതിലും പഴക്കമുള്ള മറ്റെന്തെങ്കിലും പേരിനുള്ള സാധ്യതയും തള്ളിക്കളയാനും കഴിയില്ല.
പൗരന്മാർക്കിടയിൽ വിഭജനം സൃഷ്ടിച്ച് തങ്ങൾക്കനുകൂലമായ ഭൂരിപക്ഷ ഏകീകരണം ഉണ്ടാക്കുകയെന്ന രാഷ്ട്രീയതന്ത്രങ്ങൾക്കെതിരിൽ തത്വാധിഷ്ഠിതവും വിട്ടു വീഴ്ചയില്ലാത്തതുമായ നിലപാടുകളും അതിന്റെയടിസ്ഥാനത്തിലുള്ള മത നിരപേക്ഷതയിലൂന്നിയ സംവാദങ്ങളും ഇവിടെ ഉയർന്നു വരേണ്ടതുണ്ട്. ഫാസിസ്റ്റ് നയങ്ങൾക്കെതിരിലുയരുന്ന ജനകീയ സമരങ്ങൾ സൃഷ്ടിക്കുന്ന ജനാധിപത്യ അന്തരീക്ഷത്തിൽ മത വിശ്വാസങ്ങളുടെ പേരിൽ ആളിക്കത്തിക്കുന്ന ക്ഷണിക വികാരങ്ങളെക്കാൾ മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളുടെ പരിഹാരമാണ് പരമ പ്രധാനമെന്ന ബോധ്യം രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ നാം ഉറപ്പ് വരുത്തിയേ മതിയാകൂ!