തിരുവനന്തപരം: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് രംഗത്ത്. കെ സുരേന്ദ്രന്റെ മനസ്സിലെ സ്ത്രീവിരുദ്ധ എത്രത്തോളം ഉണ്ടെന്നതിന് തെളിവാണ് ഇത്തരം പരാമർശങ്ങളിലൂടെ പുറത്തു വരുന്നതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരത്തിലുളള സ്ത്രീവിരുദ്ധമായ പരാമർശം പരിഷ്‌കൃത സമൂഹത്തിന് ഉചിതമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ മനസിലാക്കണമെന്നും അവർ തുറന്നടിച്ചു.
ബിജെപിയുടെയും ആർഎസ്എസിന്റെയും സ്ത്രീകളോടുളള സമീപനമാണ് കെ സുരേന്ദ്രനിലൂടെ പുറത്ത് വന്നിരിക്കുന്നത്. കെ സുരേന്ദ്രനെതിരെയുളള 400 കോടി രൂപയുടെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ്, സ്ത്രീകൾക്കെതിരായുളള പരാമർശത്തിലൂടെ ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കുന്നത്. കെ സുരേന്ദ്രന്റെ പരാമർശം അദ്ദേഹത്തിന്റെ സംസ്‌കാരത്തെയാണ് വിളിച്ചോതുന്നതെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി.
ഇത്തരം സ്ത്രീ വിരുദ്ധമായ പരാമർശങ്ങൾ നടത്തുന്നവർ സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനകരമാണ്. കെ സുരേന്ദ്രൻ നടത്തുന്ന തുടർച്ചയായ സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കതിരെ വായും മൂടി കെട്ടിയിരിക്കാൻ സാധിക്കില്ല. കെ സുരേന്ദ്രൻ നടത്തിയ പ്രസ്ഥാവന പിൻവലിച്ച് സ്ത്രീ സമൂഹത്തോട് നിരുപാധികം മാപ്പു പറയണമെന്നും എഐവൈഎഫ് ഐവശ്യപ്പെട്ടു.