തൃശ്ശൂർ: സിപിഎം വനിതാ നേതാക്കൾക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കെ സുരേന്ദ്രനെതിരെ എഐവൈഎഫ് രംഗത്ത്. കെ സുരേന്ദ്രന്റെ മനസ്സിലെ സ്ത്രീവിരുദ്ധ എത്രത്തോളം ഉണ്ടെന്നതിന് തെളിവാണ് ഇത്തരം പരാമർശങ്ങളിലൂടെ പുറത്തു വരുന്നതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇത്തരത്തിലുളള സ്ത്രീവിരുദ്ധമായ പരാമർശം പരിഷ്‌കൃത സമൂഹത്തിന് ഉചിതമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ മനസിലാക്കണമെന്നും അവർ തുറന്നടിച്ചു. ഇത്തരം സ്ത്രീ വിരുദ്ധമായ പരാമർശങ്ങൾ നടത്തുന്നവർ സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനകരമാണ്.
കെ സുരേന്ദ്രൻ നടത്തുന്ന തുടർച്ചയായ സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കതിരെ വായും മൂടി കെട്ടിയിരിക്കാൻ സാധിക്കില്ല. കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവന പിൻവലിച്ച് സ്ത്രീ സമൂഹത്തോട് നിരുപാധികം മാപ്പു പറയണമെന്നും എഐവൈഎഫ് അവശ്യപ്പെട്ടു.