തൃശ്ശൂർ: അന്തരിച്ച പ്രമുഖ ബാലസാഹിത്യകാരൻ കെ.വി. രാമനാഥൻ മാസ്റ്റർക്ക് ആദരം അർപ്പിച്ച് എഐവൈഎഫ്. എഐവൈഎഫിനു വേണ്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് പറേരി രാമനാഥൻ മാസ്റ്റർക്ക് അന്ത്യോപചാരമർപ്പിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രയോടെയാണ് മാസ്റ്റർ നിര്യതനായത്. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ 1932 ൽ മാസ്റ്ററുടെ ജനനം. കൊച്ചുകുട്ടി അമ്മയുടെയും മണമ്മൽ ശങ്കരമേനോമുമായിരുന്നു അദ്ദഹത്തിന്റെ മാതാപിതാക്കൾ. ഇരിങ്ങാലക്കുട സംഗമേശ്വര വിലാസം എൽ.പി.സ്‌കൂൾ, ഗവ.ബോയ്‌സ് ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, തൃശൂർ ഗവ.ട്രെയിനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1951 മുതൽ ‘87 വരെ ഇരിങ്ങാലക്കുട നാഷണൽ ഹൈസ്‌കൂളിൽ അധ്യാപകനായും ഹെഡ്മാസ്‌റ്ററായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. പ്രമുഖ ചലച്ചിത്ര പിന്നണി ഗായകൻ പി. ജയചന്ദ്രൻ ഇദ്ദേഹത്തിന്റെ ശിഷ്യനാണ്.
ശങ്കറിന്റെ ‘ചിൽഡ്രൻസ് വേൾഡ്’ തുടങ്ങി പല ഇംഗ്ലീഷ് ആനുകാലികങ്ങളിലും കഥകൾ എഴുതിയിട്ടുണ്ട്. അപ്പുക്കുട്ടനും ഗോപിയും, കമാൻഡർ ഗോപി, ആമയും മുയലും, ഒരിക്കൽകൂടി, അത്ഭുത വാനരൻമാർ, അത്ഭുതനീരാളി, സ്വർണത്തിന്റെ ചിരി, മുന്തിരിക്കുല, കണ്ണുനീർമുത്തുകൾ, വിഷവൃക്ഷം, മാന്ത്രികപ്പൂച്ച, കുട്ടികളുടെ ശാകുന്തളം, അജ്ഞാതലോകം, സ്വർണ്ണമുത്ത് (ബാലസാഹിത്യം), പ്രവാഹങ്ങൾ, ചുവന്ന സന്ധ്യ (നോവലുകൾ), രാഗവും താളവും (ചെറുകഥാസമാഹാരം) അത്ഭുതവാനരൻമാർ തുടങ്ങിയ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
എസ്.പി.സി.എസ്. അവാർഡ്, കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്‌റ്റ് അവാർഡ്, ഭീമാസ്‌മാരക അവാർഡ്, കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ് അവാർഡ്, ചെറുകഥയ്‌ക്കുളള സമസ്‌ത കേരള സാഹിത്യ പരിഷത്ത് അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹം സ്വന്തമാക്കി.