രാജ്യം പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുമ്പോൾ വിഷം വമിക്കുന്ന സർപ്പങ്ങൾ തലപൊക്കുമെന്നപോലയാണ് കങ്കണയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം. വരുൺ ഗാന്ധിയെ അവഗണിച്ചാണ് കങ്കണയെ ഹിമാചലിൽ പരിഗണച്ചിരിക്കുന്നത്. രാജ്യം സ്വാതന്ത്ര്യാനന്തരം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായ കർഷക സമരത്തെയും പ്രക്ഷോഭം നടത്തിയ രാജ്യത്തെ കർഷകരെയും വിമർശിച്ചതുൾപ്പെടെ വാർത്തകളിൽ നിറഞ്ഞ് നിൽക്കാൻ വേണ്ടി മാത്രം വിവാദങ്ങൾ സൃഷ്ടിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയാണ് കങ്കണ. മോദിയെ വാനോളം പുകഴ്ത്തി നടന്നതിന്റെ പരിണിത ഫലമാണ് ഹിമാചലിലെ ലോക്സഭാ സീറ്റ്. അടുത്തിടെ അഭിനയിച്ച സിനിമകളെല്ലാം വൻ പരാജയത്തിലേക്കായിരുന്നു കൂപ്പ് കുത്തിയത്. പിന്നീടുളള മാധ്യമ ശ്രദ്ധ മുഴുവൻ വിവാദങ്ങളിലൂടെ മാത്രമായിരുന്നു. ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുന്ന കങ്കണ വരും ദിവസങ്ങളിൽ എന്തൊക്കെ വിഷം തുപ്പുമെന്ന കാര്യം നോക്കി കാണേണ്ടിയിരിക്കുന്നു.
കോവിഡ് വ്യാപനം രൂക്ഷമായി ജനങ്ങൾ മരണപ്പെട്ടു കൊണ്ടിരുന്ന കാലയളവിൽ ഓക്സിജൻ പ്ലാന്റുകളുടെ പ്രവർത്തനം പ്രകൃതി ചൂഷണമാണെന്ന ആരോപണവുമായി നടി കങ്കണ റണാവത്ത് രംഗത്തെത്തിയിരുന്നു. മനുഷ്യർ മരിക്കുന്നത് ഭൂമിയ്ക്ക് നല്ലതാണെന്നും താരം പറഞ്ഞിരുന്നു. രാജ്യത്തെ കർഷകരെ തീവ്രവാദികളെന്നും ഇവർ മുദ്രകുത്തി അഭിപ്രായ പ്രകടനം നടത്തിയിരുന്നു. നാഥുറാം വിനായ്ക് ഗോഡ്സെ എന്ന ആർഎസ്എസിന്റെ കൺകണ്ട ദൈവത്തെ പ്രകീർത്തിച്ചും ഇവർ രംഗത്ത് എത്തിയിരുന്നു. വിവാദ നായിക എന്ന തലക്കെട്ടിൽ, ആർഎസ്എസിനെയും മോദിയെയും അനുകൂലിച്ചും മാത്രമുളള നിലപാടുകളായിരുന്നു കങ്കമയുടേത്. മോദി സ്തുതിയ്ക്കുളള പാരിതോഷികമാണ് കങ്കണയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന സീറ്റ്. ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാര സ്മരണ മാത്രമാണ് ഈ സീറ്റ്. മോദി സ്തുതി പാടാനും ഇന്ത്യയെ ഒരു മത രാജ്യമാക്കി മാറ്റുന്നതിനുമായി ഇതുപോലെയുളള തുറുപ്പു ചീട്ടുകൾ ഇനിയും ബിജെപി രംഗത്തിറക്കും.