തിരുവനന്തപുരം: എകെജി സെൻററിന് നേരെ നടന്ന ആക്രമണം വൻ ഗൂഢാലോചനയുടെ ഭാഗമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ(എം) നു എതിരേയും എൽഡിഎഫിനെതിരേയുമുള്ള ആസൂത്രിത ആക്രമണത്തിൻറെ ഭാഗമായാണ് എകെജി സെൻററിനെതിരെ ആക്രമണം നടന്നത്. പാർട്ടി ഓഫീസുകളും പാർട്ടി പ്രവർത്തകരുടെ വീടുകളും ആക്രമിക്കാൻ പാടില്ലെന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ച കാര്യമാണ്.
അതാണ് ഇപ്പോൾ പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട സംഭവങ്ങളാണിത്. ഈ പ്രശ്നത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വളരെ ഗൗരവത്തോടെയാണ് കാണേണ്ടത്. കേരളത്തിൽ ക്രമസമാധാന നില തകർന്നു, എകെജി സെന്ററിന് പോലും രക്ഷയില്ല എന്നൊക്കെ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
സമാധാനം നിലനിർത്താൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാട്ടിൽ അരാജകത്വം സ്യഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ആക്രമണം ഉണ്ടായ എകെജി സെൻറർ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.