ഇടതുപക്ഷത്തിന്റെ തിരുത്തല്‍ ശക്തി. എടുക്കുന്ന നിലപാടുകളുടെ വ്യക്തത. തികഞ്ഞ സംഘടനാ പാഠവം. ചുരുങ്ങിയ വാക്കുകളില്‍ കാനം രാജേന്ദ്രനെ കുറിക്കാന്‍ പറഞ്ഞാല്‍ ഇതൊക്കെയാണ്. സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
2015ല്‍ കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയാകുമ്പോള്‍, പാര്‍ട്ടി മെമ്പര്‍ഷിപ്പ് 1,20,000. ഇപ്പോള്‍ 1,75,000. അതിലുണ്ട് മുന്‍ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ സംഘടനാ മികവ്. പാര്‍ട്ടിക്ക് ശേഷിയില്ലാതിരുന്ന സ്ഥലങ്ങളിലുള്‍പ്പെടെ വമ്പന്‍ പ്രകടനം നടത്താന്‍ പറ്റുന്ന തരത്തിലേക്ക് സിപിഐ വളര്‍ന്നു, ഉദാഹരണം നിലമ്പൂര്‍.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പടിപടിയായുയര്‍ന്ന് തൊഴിലാളി പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായ വ്യക്തിയാണ് കാനം രാജേന്ദ്രന്‍. 1950 നവംബര്‍ 10ന് കോട്ടയം ജില്ലയിലെ കാനം ഗ്രാമത്തില്‍ പി കെ പരമേശ്വരന്‍ നായരുടെ മകനായി ജനനം. എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തേക്ക്. തുടര്‍ന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായി.
1982ല്‍ വാഴൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക്. 87ലും വാഴൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.
ട്രേഡ് യൂണിയന്‍ രംഗത്തെ സമരങ്ങളില്‍ സജീവമായ കാനം, പ്രവര്‍ത്തന മേഖല പിന്നീട് എഐടിയുസിയിലേക്ക് മാറ്റി. 1978-ല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എഐടിയുസിയുടെ സംസ്ഥാന സെക്രട്ടറിയുമായി. 2006ല്‍ എഐടിയുസി സംസ്ഥാന ജന സെക്രട്ടറിയായി. 2012ല്‍ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായി.
2015 മാര്‍ച്ച് 2ന് കോട്ടയം സമ്മേളനത്തില്‍ വച്ച് പന്ന്യന്‍ രവീന്ദ്രനില്‍ നിന്നും പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. ഇടതുപക്ഷത്തിന്റെ കരുത്തനായ സാരഥിയായി തുടരുന്ന കാനം രാജേന്ദ്രന് കീഴില്‍ സിപിഐ ഒറ്റക്കെട്ടാണ്. വരുംകാലങ്ങളില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കട്ടേയെന്ന് ടീം യങ് ഇന്ത്യ ആശംസിക്കുന്നു…