ആലപ്പുഴ: മോദി ഭരണത്തിൽ വിദ്യാഭ്യാസ രംഗത്തെ യുക്തിചിന്തയും ശാസ്ത്ര ബോധവും അസ്തമിച്ചു എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ കുത്തകവൽക്കരിക്കൽ നയങ്ങൾ വിദ്യാഭ്യാസ മേഖലയെ വഴിതിരിച്ച് വിടുകയാണെന്ന് ആലപ്പുഴയിൽ നടക്കുന്ന എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിൽ നടത്തിയ ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമൂഹ്യ മാറ്റത്തിനും എല്ലാവർക്കും വിദ്യാഭ്യാസത്തിനുമായി സർക്കാർ സ്വീകരിച്ച പല നയങ്ങളും കേന്ദ്രം വരേണ്യ വർഗത്തിന് മാത്രമായി ചുരുക്കി. മനുഷ്യ വിഭവശേഷി കുത്തകകൾക്ക് നൽകാനുള്ള മാർഗമാക്കി വിദ്യാഭ്യാസ രംഗത്തെ മാറ്റിയെന്നും കാനം കൂട്ടിച്ചേർത്തു. ആഗോളവൽക്കരണ കാലത്ത് കേന്ദ്ര സർക്കാർ ക്ഷേമ രാഷ്‌ട്ര സങ്കൽപ്പം മാറ്റിയെങ്കിൽ ഇപ്പോൾ മത രാഷ്‌ട്ര സങ്കൽപ്പമാണ് പിൻതുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആശയ സംവാദത്തിന്റെ വേദികളിയിരുന്ന സർവ്വകലാശാലകളെ ഹിന്ദുത്വവാദം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രമാക്കി മാറ്റുകയാണ്. ജനാധിപത്യ സങ്കൽപ്പങ്ങളായ പാർലമെന്റും നിയമസഭയും ഇനി എത്ര നാൾ തുടരുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എൽഡിഎഫ് സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ ചൂഷണങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. ഈ രംഗത്ത് സാമൂഹ്യ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ദേശിയ വിദ്യാഭ്യാസ നയത്തിൽ നിന്ന് വ്യത്യസ്ഥമായ വിദ്യാഭ്യാസ സംമ്പ്രദായമാണ് കേരളത്തിന് അനിവാര്യമെന്നും കാനം പറഞ്ഞു.
പി കബീർ , ബിബിൻ ഏബ്രഹാം , സി കെ ബിജിത്ത് ലാൽ , അമൽ അശോകൻ , പ്രിജി ശശിധരൻ , ചിന്നു ചന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത് . സ്വാഗത സംഘം ചെയർമാൻ ടി ജെ ആഞ്ചലോസ് സ്വാഗതം പറഞ്ഞു . സിപിഐ ദേശിയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്‌മായിൽ , മന്ത്രിമാരായ കെ രാജൻ , ജി ആർ അനിൽ , എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ , സെക്രട്ടറി ടി ടി ജിസ്‌മോൻ , എ കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് എൻ ശ്രീകുമാർ ,പി എഫ് സി ടി സംസ്ഥാന പ്രസിഡന്റ് ഡോ . സി ഉദയകല , സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ , ജി കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു . നാദിറ ബഹറിൻ രക്തസാക്ഷി പ്രമേയവും ആർ എസ് രാഹുൽരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു . സംസ്ഥാന സെക്രട്ടറി ജെ അരുൺബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . അസ്‌ലം ഷാ നന്ദി പറഞ്ഞു .