കൊട്ടാരക്കര: താഴത്തുകുളക്കടയിൽ കല്ലടയാറിന്റെ തീരത്ത് നിർമ്മാണം പൂർത്തിയാക്കിയ സി കെ ചന്ദ്രപ്പൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ആയിരക്കണക്കിനു വരുന്ന പാർട്ടി പ്രവർത്തകരെ സാക്ഷികളാക്കി സി കെ ചന്ദ്രപ്പൻ സമാരകം ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആർ ചന്ദ്രമോഹനൻ പതാക ഉയർത്തി. സി കെ ചന്ദ്രപ്പന്റെ ഫോട്ടോ അനാച്ഛാദനം ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വവും ലൈബ്രറി ഉദ്ഘാടനം ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനും നിർവഹിച്ചത്.
ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ്‌ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ഇ ചന്ദ്രശേഖരൻ, മുല്ലക്കര രത്നാകരൻ,ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കൊല്ലം ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ സംഘാടകസമിതി കൺവീനർ ആർ രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സിപിഐ കേരള സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ ജനങ്ങളിൽ നിന്നും, പാർട്ടി അംഗങ്ങളിൽ നിന്നും ശേഖരിച്ച തുക ചെലവഴിച്ച് നാലു നിലകളിൽ പൂർത്തിയാക്കിയ മന്ദിരത്തിന്റെ തറക്കല്ലിട്ടത് 2016 മാർച്ച് 22ന് ജനറൽ സെക്രട്ടറി ആയിരുന്ന സുധാകർ റെഡ്ഡിയാണ്. നിർമ്മാണ ഉദ്ഘാടനം 2019 ഡിസംബർ 19ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിച്ചു.
500 സീറ്റുകൾ ഉള്ള ഓപ്പൺ ആഡിറ്റോറിയം , വിശ്രമമുറികൾ , ഒരേസമയം 200 പേർക്ക് താമസിച്ചുകൊണ്ട് പഠന ഗവേഷണത്തിനും പരിശീലനത്തിനും ഏർപ്പെടാനുള്ള സൗകര്യങ്ങൾ, അന്തർദേശീയ നിലവാരത്തിലുള്ള ലൈബ്രറി, കോൺഫറൻസ് ഹാൾ, ജനസേവാദൾ അംഗങ്ങൾക്ക് ദുരന്തനിവാരണത്തിലും മറ്റു സേവന പ്രവർത്തനങ്ങളിലും പരിശീലനം നൽകുന്നതിനുള്ള സൗകര്യം, അപൂർവ്വയിനം ചെടികൾ ഉൾക്കൊള്ളുന്ന ഗാർഡൻ, ഔഷധസസ്യങ്ങളുടെയും ഫലവൃക്ഷത്തൈകളുടെയും നഴ്സറി തുടങ്ങിയ സൗകര്യങ്ങളും സി കെ ചന്ദ്രപ്പൻ സ്മാരകത്തിന്റെ സവിശേഷതകളാണ്.