“മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സൂപ്പർസ്റ്റാറുകൾ ചാർലി ചാപ്ലിൻറെ ആത്മകഥ വായിക്കണം. അവർ അത് വായിച്ചിട്ടുണ്ടെങ്കിൽ ലജ്ജിച്ച് തലതാഴ്ത്തും.100 കോടി മുടക്കി സിനിമയെടുക്കുന്നതാണ് ഇവിടത്തെ വലിയ കാര്യം. ചുരുങ്ങിയ ചെലവിൽ സിനിമയെടുത്താലും അതുന്നയിക്കുന്ന പ്രശ്‌നമാണ് പ്രധാനം “മലയാള സിനിമാ മേഖലയിലെ തെറ്റായ പ്രവണതകൾക്കെതിരെ ഒരിക്കൽ സഖാവ് കാനം രാജേന്ദ്രൻ നടത്തിയ പ്രതികരണമാണ് മുകളിൽ സൂചിപ്പിച്ചത്. തൊഴിൽ മേഖലയിലെ നീതി നിഷേധത്തിന്നെതിരെ എന്നും ശബ്ദമുയർത്തിയ സഖാവ് കാനം തൊഴിലിടങ്ങളിൽ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെ പഠിക്കാനും അവക്ക് പരിഹാരം നിർദേശിക്കാനും മുൻ നിരയിലുണ്ടായിരുന്നു.
തൊഴിൽനിയമങ്ങളെയോ തൊഴിലവകാശങ്ങളോ പരിഗണിക്കാതെ കമ്പോളത്തിൽ ലാഭം മാത്രം ലക്ഷ്യം വെച്ച് കൊണ്ടുള്ള വ്യവസായം എന്നതിലേക്ക് സിനിമ മേഖല അധപതിക്കുന്നതിൽ അതുകൊണ്ടുതന്നെ സഖാവ് ധാർമിക രോഷം കൊള്ളുകയും ചെയ്തിരുന്നു. സിനിമയെ അഗാധമായി സ്നേഹിച്ച കാനം, സിനിമാ രംഗത്ത് സംഘടന രൂപീകരിക്കാൻ മുന്നോട്ടുവന്നു.
തിലകനും വിനയനും ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ കാനത്തിനൊപ്പം നിന്ന് പോരാടിയവരാണ്.
കേരളത്തിലെ ആദ്യത്തെ സിനിമ തൊഴിലാളികളുടെ ട്രേഡ് യൂണിയനായ ‘മാക്ട ഫെഡറേഷൻ ‘രൂപീകൃതമാവുന്നത് 2007 ലാണ്.’മാക്‌ട’ രൂപം കൊണ്ടപ്പോൾ ഉറച്ച പിന്തുണയാണ് അദ്ദേഹം നൽകിയത്. മാക്ട ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനവും കാനം വഹിച്ചു. മലയാള സിനിമ രംഗത്തെ അനിലഭിലഷണീയ പ്രവണതകൾക്കെതിരെ നിലകൊണ്ടതിന്റെ പേരിൽ ‘മാക്ട ‘യെ തകർക്കാൻ വേണ്ടി തല്പര കക്ഷികൾ രംഗത്ത് വന്നപ്പോൾ ശക്തമായ പ്രതിരോധം സൃഷ്ടിക്കാനും സഖാവിന് കഴിഞ്ഞു.
കൊച്ചിയിൽ നടിക്ക് നേരെയുണ്ടായ പീഡനശ്രമം ഈ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നതിന്റെ തെളിവാണെന്ന് തുറന്ന് പറയാനും കാനത്തിന് മടിയുണ്ടായിരുന്നില്ല.സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വകുപ്പിന്റെ നിർമാണം വേഗത്തിലാക്കണമെന്ന് സർക്കാറിനോട് അന്ന് ആവശ്യപ്പെട്ടത് കാനമായിരുന്നു.അതിജീവിതക്ക് വേണ്ടി മലയാളസിനിമ സംഘടനകൾ സജീവമായി ഇടപെടാത്തതിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു.സിനിമ മേഖലയിലെ സുരക്ഷക്കും ലിംഗസമത്വത്തിനും തുല്യ വേതനം, മികച്ച തൊഴിലന്തരീക്ഷം തുടങ്ങിയ കാര്യങ്ങൾക്കുമടക്കം സഖാവ് ശക്തമായി നില കൊള്ളുകയും ചെയ്തു. മലയാള സിനിമയിൽ ക്രിമിനലുകൾ പിടി മുറുക്കുന്നതിനെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന ആവശ്യം കാനം വർഷങ്ങൾക്ക് മുൻപേ ഉന്നയിച്ചിരുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട അശുഭകരമായ പല പ്രവണതകളെയും മുൻ കൂട്ടികണ്ടു കൊണ്ടുള്ള പ്രതികരണങ്ങളായിരുന്നു കാനത്തിന്റേത്.ആത്മാഭിമാന ബോധത്തോടെ ജോലിചെയ്യാനുള്ള അന്തരീക്ഷം സിനിമ മേഖലയിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടിയുള്ള ആത്മാർത്ഥ ശ്രമം നടത്തുകയും ചെയ്ത നേതാവുമായിരുന്നു പ്രിയപ്പെട്ട കാനം. മികച്ച നിലവാരമുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കുവാനും കാനം എന്നും മുൻകൈ എടുത്തിരുന്നു. ലോക പ്രശസ്ത സംവിധായകരായ ജി.അരവിന്ദൻ, ജോൺ എബ്രഹാം എന്നിവർക്കൊപ്പം ആദ്യകാല ഫിലിം സൊസൈറ്റി സംഘാടകനുമായിരുന്നു സഖാവ്.
സിനിമാ മേഖലയിൽ തൊഴിലാളികൾക്കു വേണ്ടി കാനം ശബ്ദമുയർത്തുകയും പോരാടുകയും ചെയ്യുന്ന ഘട്ടത്തിൽ ഒരിക്കൽ നടന്ന ഒരു സംവാദം ഓർക്കുകയാണ്. പ്രമുഖ സംവിധായകരും തൊഴിലാളികൾക്കു വേണ്ടി കാനവും പങ്കെടുത്ത സംവാദത്തിൽ ഒരു പ്രമുഖ സംവിധായൻ കാനത്തോട് ആക്ഷേപ സ്വരത്തിൽ ചോദിച്ചു. ‘രാഷ്ട്രീയക്കാരനായ കാനത്തിന് സിനിമയെ കുറിച്ച് പറയാൻ എന്ത് അർഹത?,അത് സിനിമാക്കാർ പറയട്ടെ ‘.സ്വതസിദ്ധമായ പുഞ്ചിരിയോടെ കാനം മറുപടി നൽകി “സംവിധാന പ്രതിഭയായ അങ്ങ് പത്ത് ലോക ക്ലാസിക്കുകളുടെയും ഇന്ത്യൻ ക്ലാസിക്കുകളുടെയും പേരും അതിന്റെ സംവിധായകരുടെ പേരും പറയൂ, ഞാനും പറയാം നമുക്ക് സിനിമകളെ കുറിച്ച് ചർച്ച ചെയ്യാം” ആ സംവിധായകൻ ചർച്ചയിൽ നിന്നും ബോധപൂർവ്വം ഒഴിഞ്ഞുമാറി. കാനം കാണാത്ത ലോക ക്ലാസിക്കുകൾ ഉണ്ടായിരുന്നില്ല. ലോക സിനിമകളുടെ പ്രമേയം, പശ്ചാത്തലം എന്നിവയെക്കുറിച്ചെല്ലാം അഗാധ പാണ്ഡിത്യമുള്ള മികച്ച സിനിമാസ്വാദകനും ആദ്യകാല സംഘാടകനുമായിരുന്നു കാനം. ഞാനുൾപ്പടെയുള്ള നിരവധി ചെറുപ്പക്കാരെ സിനിമ ചെയ്യാൻ പ്രോത്സാഹിപ്പിക്കുവാനും കാനം ശ്രദ്ധിച്ചിരുന്നു.