ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട നേതാക്കളിൽ ഒരാളായിരുന്നു ഉമ്മൻചാണ്ടി എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനങ്ങൾക്കിടയിൽ ജീവിച്ച, ജനങ്ങളുടെ ഹൃദയം കവർന്ന നേതാവ്. അക്ഷീണമായ പ്രയത്നശേഷിയും കഠിനാദ്ധ്വാനവും അർപ്പണ മനോഭാവവുമാണ് കെ.എസ്.യുവിൻ്റെ സാധാരണ പ്രവർത്തകനായി പൊതുജീവിതം ആരംഭിച്ച അദ്ദേഹത്തെ സംസ്ഥാന മുഖ്യമന്ത്രി, എ.ഐ.സി.സി ജനറൽ സെക്രട്ടറി, കോൺഗ്രസ് പ്രവർത്തകസമിതി അംഗം തുടങ്ങി ഉന്നതമായ പദവികളിൽവരെ എത്തിച്ചത്.
പൊതുജീവിതത്തിൽ ഒരു രാഷ്ടീയനേതാവ് പുലർത്തേണ്ട മാന്യത ഏതു പ്രതികൂലഘട്ടത്തിലും പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. അനുകരണീയമായ ആ ജീവിതശൈലി പൊതുപ്രവർത്തകർക്ക് വിലപ്പെട്ട മാതൃകയാണ്. അര നൂറ്റാണ്ടിലേറെക്കാലം കേരള രാഷട്രീയത്തിൻ്റെ ഗതി നിർണ്ണയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഉമ്മൻചാണ്ടിയുടെ നിര്യാണം കേരളത്തിൻ്റെ പൊതുജീവിതത്തിൽ കനത്ത ശൂന്യതയാണ് സൃഷ്ടിക്കുന്നത്.
ഉമ്മൻചാണ്ടിയുടെ കുടുംബത്തിനും കോൺഗ്രസ് പാർട്ടിക്കും ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്ന ജനലക്ഷങ്ങൾക്കുമുണ്ടായ തീരാദുഃഖത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ പങ്കുചേരുന്നു; അനുശോചനം രേഖപ്പെടുത്തുന്നതായി കാനംരാജേന്ദ്രന് വ്യക്തമാക്കി.