കേന്ദ്ര ഗവണ്മെന്റ് മറ്റൊരു സംസ്ഥാനത്തോടും കാണിക്കാത്ത അങ്ങേയറ്റം നീതിരഹിതവും വിവേചനപൂര്‍വ്വമായ നടപടിയാണ് കേരളത്തിനുള്ള വായ്പാപരിധി വെട്ടിക്കുറച്ചതിലൂടെ സ്വീകരിച്ചിരിക്കുന്നത്. കേരളം അത്യധികം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കേരളത്തിന് അവകാശപ്പെട്ടതും ഫെഡറല്‍ ധനതത്വങ്ങള്‍ക്കനുസൃതമായ നയം സ്വീകരിക്കുന്നതിനു പകരം തികച്ചും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് കേരളത്തെ സാമ്പത്തികമായും ഞെരുക്കാനും തുടങ്ങി വച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ പെന്‍ഷന്‍, തുടങ്ങിയ ക്ഷേമപദ്ധതികള്‍ക്കും തടസം സൃഷ്ടിക്കുന്നതിനും ഈ കേന്ദ്ര നടപടി കാരണമാകും. ബി ജെ പി അധികാരത്തില്‍ വന്ന കാലം മുതല്‍ കേരളത്തോട് കടുത്ത സാമ്പത്തിക അവഗണനയാണ് വച്ച് പുലര്‍ത്തുന്നത്. ഇതിന് നിരവധി ഉദാഹരണങ്ങള്‍ എടുത്തു പറയാന്‍ കഴിയും.
സംസ്ഥാനങ്ങള്‍ക്ക് വീതം വച്ച് നല്‍കുന്ന ഡിവിസിബിള്‍ പൂളില്‍ നിന്നും പത്താം ധനകാര്യ കമ്മിഷന്‍ കേരളത്തിന് അനുവദിച്ചിരുന്നത് 3.875% വിഹിതം ആയിരുന്നു. എന്നാലിത് 15-ാം ധനകാര്യ കമ്മിഷന്റെ കാലമായപ്പോള്‍ ഈ വിഹിതം 1.925 ശതമാനത്തിലെത്തി. ഈ വെട്ടിക്കുറയ്ക്കലുകളുടെ ഫലമായി കേരളത്തിന്റെ മൊത്ത വരുമാനത്തില്‍ വര്‍ഷം പ്രതി പതിനായിരക്കണക്കിന് കോടി രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. അതുപോലെ റവന്യൂ ഗ്രാന്റില്‍ കുറവു വരുത്തിയതു കാരണം 6700 കോടി രൂപയുടെ നഷ്ടമുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളം ആഭ്യന്തര ഉല്പാദന സ്ഥിര വിലയില്‍ 12.01 വര്‍ദ്ധനവ് ഉണ്ടാക്കി. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. എല്‍ ഡി എഫ് ഗവണ്മെന്റിന്റെ മികച്ച ധനകാര്യ മാനേജ്മെന്റിനെയാണ് ഇതിലൂടെ കാണാന്‍ കഴിയുന്നത്.
കോപ്പറേറ്റീവ് ഫെഡറല്‍ തത്വങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് വായ്പാ പരിധിയും ഗ്രാന്റും ഇപ്പോള്‍ കുറച്ചിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമായി മാത്രമെ ഇതിനെ കാണാന്‍ കഴിയൂ. ബജറ്റില്‍ 32000 കോടി പ്രതീക്ഷിച്ചിടത്താണ് 15390 കോടിയായി വായ്പാ പരിധി നിര്‍ണ്ണയിച്ചിരിക്കുന്നത്. ഈ വെട്ടിക്കുറക്കലിന് ഒരു ന്യായീകരണവും കേന്ദ്രമന്ത്രി ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്ര ഗവണ്മെന്റിന്റെ ഈ നടപടി തിരുത്താനും കേരളത്തിന് അര്‍ഹതപ്പെട്ട വായ്പാ പരിധി പുനഃസ്ഥാപിക്കാനും കേന്ദ്ര ഗവണ്മെന്റ് തയ്യാറാകണം. എല്ലാ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് കേന്ദ്ര ഗവണ്മെന്റിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു