സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ തെരഞ്ഞെടുത്തു. ഇത് മൂന്നാംവട്ടമാണ് സിപിഐയുടെ അമരത്ത് കാനം എത്തുന്നത്. സംശുദ്ധ രാഷ്ട്രീയത്തിലൂടെ കേരളത്തിന്റെ ജനഹൃദയങ്ങൾ കീഴടക്കിയ രാഷ്ട്രീയത്തിനുടമയാണ് കാനം. പിന്നിട്ട വഴിയിൽ പാർട്ടി നേരിട്ട പല പ്രതിസന്ധികളേയും അതിജീവിച്ച് പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് നയിച്ചതിൽ കാനം വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. 2015 മാർച്ച് 02ന് കോട്ടയം സമ്മേളനത്തിൽ വച്ച് പന്ന്യൻ രവീന്ദ്രനിൽ നിന്നും പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത അതേ ആർജവത്തോടെ ഇപ്പോഴും പാർട്ടിയെ മുന്നോട്ട് കൊണ്ടുപോവാൻ സാധിച്ചു എന്നത് കാനത്തിനു മൂന്നാംമൂഴംമേകി.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പടിപടിയായുയര്‍ന്ന് തൊഴിലാളി പ്രസ്ഥാനത്തിന്റെ അനുഷേധ്യനേതാവായ ആളാണ് കാനം. 1982 ല്‍ അദ്ദേഹം നിയമസഭയിലുമെത്തി. അക്കാലത്ത് ഏറ്റവും നല്ല നിയമസഭാംഗമാരെന്ന ചോദ്യത്തിന് മുഖ്യമന്ത്രി കെ. കരുണാകരന്റെ ഉത്തരം ‘സിപിഐ യിലെ പയ്യന്‍ കാനം എന്നായിരുന്നു’.
എഴുപതുകളിലാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കാനം ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായി. അവിടെനിന്ന് സിപിഐയിലേക്കും ദേശീയ നേതൃത്വത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ട്രേഡ് യൂണിയന്‍ രംഗത്തെ സമരങ്ങള്‍ ഏറ്റെടുത്ത് പ്രശസ്തി നേടി. 1978-ല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എഐടിയുസിയുടെ സംസ്ഥാന സെക്രട്ടറിയുമായി. 1982ലും 87 ലും കോട്ടയം വാഴൂരില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006 ല്‍ എഐടിയുസി സംസ്ഥാന ജന സെക്രട്ടറിയായി. 2012 ല്‍ സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായി.