സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് യാത്ര മൊഴി നൽകി വൻ ജനാവലി. അമ്മയും അച്ഛനും അന്തി വിശ്രമം കൊളളുന്ന അതേ പുളിമരച്ചോട്ടിലാണ് കാനവും നിദ്ര കൊളളുന്നത്. മുദ്രാവാക്യത്തിന്റെ അകമ്പടിയോടെ കാനത്തെ പ്രവർത്തകർ യാത്രയാക്കി.
രാവിലെ 11 മണിക്ക് കോട്ടയം വാഴൂർ കാനത്തെ തറവാട്ട് വളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് കാനത്തിന്റെ മൃതശരീരവുമായി പുറപ്പെട്ട വിലാപയാത്ര ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കാനത്തെ വീട്ടിൽ എത്തിയത്. പുലർച്ചെ ഒന്നിന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനുശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഐ നേതാക്കൾ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
കാനം രാജേന്ദ്രന് അന്ത്യാഞ്ജലിയുമായി പതിനായിരങ്ങളാണ് രാത്രി വൈകിയും ഒഴുകിയെത്തിയിരുന്നത്. അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരവുമായി തലസ്ഥാനത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് മുന്നോട്ട് നീങ്ങിയത്. യാത്രയിൽ കാനത്തെ അവസാനമായി ഒരു നോക്കുകാണാൻ ഓരോ നിമിഷത്തിലും നെഞ്ചുലഞ്ഞ മനുഷ്യരുടെ നീണ്ട നിരയാണ്. ഏങ്ങും കണ്ണീരും അളവറ്റ സ്നേഹവുമായിരുന്നു ദൃശ്യമായത്.
തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ തിക്കും തിരക്കും രാത്രി വൈകിയും ദൃശ്യമാണ്. പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാനായി രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും സാധാരണ ജനങ്ങളും നിറഞ്ഞ കണ്ണുകളുമായി കാത്തു നിൽക്കുകയാണ്. കൊല്ലം ജില്ലയിലേക്ക് യാത്ര കടന്നപ്പോൾ ജനസാഹരമാണ് പ്രിയ സഖാവിനെ കാണാനായി ഓരോയിടത്തും തടിച്ചു കൂടിയത്. കാത്തു നിന്ന എല്ലാവരെയും കാണിച്ചു പോയാൽ മതിയെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. അടൂരിലും പന്തളത്തും ജനക്കൂട്ടം വിട്ടൊഴിയാതെ നിന്നത് യാത്ര പിന്നെയും ഏറെ വൈകിപ്പിച്ചു.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പടിപടിയായുയർന്ന് തൊഴിലാളി പ്രസ്ഥാനത്തിന്റെ അനുഷേധ്യനേതാവായ ആളാണ് കാനം. 1982 ൽ അദ്ദേഹം നിയമസഭയിലുമെത്തി. അക്കാലത്ത് ഏറ്റവും നല്ല നിയമസഭാംഗമാരെന്ന ചോദ്യത്തിന് മുഖ്യമന്ത്രി കെ. കരുണാകരന്റെ ഉത്തരം ‘സിപിഐ യിലെ പയ്യൻ കാനം എന്നായിരുന്നു’.എഴുപതുകളിലാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കാനം ശ്രദ്ധേയനാകുന്നത്. തുടർന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായി. അവിടെനിന്ന് സിപിഐയിലേക്കും ദേശീയ നേതൃത്വത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ട്രേഡ് യൂണിയൻ രംഗത്തെ സമരങ്ങൾ ഏറ്റെടുത്ത് പ്രശസ്തി നേടി.
1978-ൽ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എഐടിയുസിയുടെ സംസ്ഥാന സെക്രട്ടറിയുമായി. 1982ലും 87 ലും കോട്ടയം വാഴൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006 ൽ എഐടിയുസി സംസ്ഥാന ജന സെക്രട്ടറിയായി. 2012 ൽ സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായി.