Friday, November 22, 2024
spot_imgspot_img
HomeKeralaഅടിമുതൽ മുടിവരെ സിപിഐ ഒറ്റക്കെട്ട്, പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമം, അതിജീവിക്കും:കാനം

അടിമുതൽ മുടിവരെ സിപിഐ ഒറ്റക്കെട്ട്, പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമം, അതിജീവിക്കും:കാനം

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഐക്യവും സംഘടനശക്തിയും ഊട്ടി ഉറപ്പിച്ചു കൊണ്ട് ശക്തമായ തീരുമാനങ്ങളെടുക്കുന്ന സമ്മേളനമായിരിക്കും തിരുവനന്തപുരത്ത് നടക്കുകയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 24-ാം പാർട്ടി കോൺ​ഗ്രസിനു മുന്നോടിയായിട്ടുള്ള സംസ്ഥാന സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സമ്മേളനവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് മാധ്യമങ്ങളിൽ വരുന്നത്.കമ്മ്യൂണിസ്റ്റ് പാർട്ടിയെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന ഇത്തരം വാർത്തകളെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള കരുത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടെന്നും കാനം വ്യക്തമാക്കി.

1971ൽ തിരുവനന്തപുരത്ത് വച്ച് നടന്ന സമ്മേളനത്തിലാണ് താനും കെ ഇ ഇസ്മായിലും ചാമുണ്ണിയുമടക്കമുള്ള നേതാക്കൾ പാർട്ടിയുടെ സംസ്ഥാന കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അന്ന് പാർട്ടിയുടെ അം​ഗസംഖ്യ 34,600 ആണ്‌.അതിനുശേഷം വീണ്ടും തിരുവനന്തപുരത്ത് സംസ്ഥാന സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ 24-ാം പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായിട്ടുള്ള ഈ സംസ്ഥാന സമ്മേളനം നടക്കുമ്പോൾ, സിപിഐ യുടെ അം​ഗസംഖ്യ 1,77,600 ആയി വർധിച്ചു. തിരുവനന്തപുരത്തെ സഖാക്കൾ നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണ് ഈ ജില്ലയിൽ 24,000 അംഗസംഖ്യയുള്ള ഒരു പ്രസ്ഥാനമായി മാറാൻ പാർട്ടിക്കായത്. ജനങ്ങളോടൊപ്പം നിൽക്കുകയും ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും കാനം പറഞ്ഞു. ജനപക്ഷ നിലപാടുകളിൽ നിന്നും അൽപം പോലും വ്യതിചലിക്കാതെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആശയങ്ങൾ കൈവിടാതെ നാം നടത്തിയ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കാൻ പാർട്ടിക്ക് കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യം നേരിടുന്ന നിരവധി പ്രശ്നങ്ങളെക്കാൾ പ്രധാനമല്ല ഈ സമ്മേളനത്തിലെ മറ്റു വിഷയങ്ങൾ. നമ്മുടെ രാജ്യം വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. നരേന്ദ്ര മോദിയുടെ സർക്കാർ അനു​ദിനം വലത്തോട്ട് മാറി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ആഗോളീകരണ സാമ്പത്തിക നയങ്ങൾ ലോകത്ത് നടപ്പിലാക്കാൻ തുടങ്ങിയതിനു ശേഷം ലോകത്തിലെ സമ്പന്ന രാജ്യങ്ങളിലും ദരിദ്ര രാജ്യങ്ങളിലും സാധാരണക്കാരുടെ സമരങ്ങളും പ്രക്ഷേഭങ്ങളും ഉയർന്നു വരുന്നുണ്ട്. മൂലധനത്തിന്റെ കേന്ദ്രീകരണവും ജനങ്ങളെ പാപ്പരീകരിക്കുന്ന സാമ്പത്തിക നയങ്ങളും അവരുടെ നിത്യ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളാണ് പ്രക്ഷോഭങ്ങളും സമരങ്ങളുമായി പൊട്ടിപ്പുറപ്പെടുന്നത്. ലോകത്തെ പല രാജ്യങ്ങളിൽ ജനങ്ങളുടെ അസംതൃപ്തി ഇടതുപക്ഷ രാഷ്ട്രീയത്തിനു കൂടുതൽ വളക്കൂറു നൽകുന്നുണ്ടെങ്കിൽ, ലോകത്തിലെ പല രാജ്യങ്ങളും ആ സാഹചര്യങ്ങൾ ഉപയോ​ഗിച്ച് കൂടുതൽ വലതുപക്ഷ പാർട്ടികൾ അധികാരത്തിൽ വരുന്നുണ്ട്. ഇന്ത്യയിൽ നവലിബറൽ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കിയതിനു ശേഷം ജനങ്ങളുടെ അസംതൃപ്തി മുതലെടുത്താണ് ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിൽ വരുന്നത്.

2019 ൽ വീണ്ടും നരേന്ദ്ര മോ‍ദിയുടെ സർക്കാർ അധികാരത്തിൽ വരുകയും ഭൂരിപക്ഷം നേടുകയും ചെയ്തു. കഴിഞ്ഞ എട്ടുവർഷകാലമായി നമ്മുടെ രാജ്യത്ത്‌ എത്രയധികം ജനങ്ങൾക്കാണ് അതിന്റെ കഷ്ടതകൾ അനുഭവിക്കേണ്ടി വന്നത്. അതിന്റെ ഉത്തരവാദിത്തം മോ‍ദിക്കും അവരുടെ സാമ്പത്തിക നയങ്ങൾക്കുമാണ്. ആ സാമ്പത്തിക നയങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രക്ഷോഭവും സമരവും ശക്തിപ്പെടുത്തിക്കൊണ്ടു വരുകയാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ മുഖ്യ ചുമതല.

നമ്മുടെ രാജ്യത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം,തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിലാണ്. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മരവിച്ചിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ പ്രതീക്ഷക്കനുസരിച്ച് സമ്പദ് ഘടന വളരുന്നില്ല. നാണയപ്പെരുപ്പം കൂടി വിലകയറ്റം രൂക്ഷമായി. രൂപയുടെ വില ഇടിഞ്ഞു. ഇതെല്ലാം ഈ രാജ്യത്തെ ജനങ്ങളുടെ നിത്യ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും മറ്റ് സാമൂഹിക ദുരിതങ്ങൾ കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച്, ആ ഭിന്നിപ്പിന്റെ ഇടയിൽ കൂടി തന്റെ രാഷ്ട്രീയ അധികാരം ഉറപ്പിക്കുന്ന ഒരു തന്ത്രമാണ് ബിജെപി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള 75 വർഷക്കാലമെന്നു പറയുന്നത്, നമ്മുടെ രാജ്യം അം​ഗീകരിച്ച ഭരണഘടനയും ജനാധിപത്യ സംവിധാനവും കൂടുതൽ ശക്തമാക്കുന്നതിനു വേണ്ടി ജനങ്ങളുടെ വമ്പിച്ച പിന്തുണ ഉണ്ടായിട്ടുണ്ട്. എന്നാൽ, ക്ഷേമ രാഷ്ട്ര സങ്കൽപ്പം മാറ്റി മതനിരപേക്ഷ രാഷ്ട്രം എന്നതിന്റെ സ്പോൺസർമാരായി പ്രവർത്തിക്കുകയാണ് ഇന്ന് ബിജെപി ​നേതൃത്വം നൽകുന്ന ഗവൺമെന്റ്. മതന്യൂനപക്ഷവും ഭാഷാ ന്യൂനപക്ഷവും എല്ലാം അവഗണിക്കപ്പെടുന്നു. പൗരത്വ നിയമം പോലും മതത്തിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ ശ്രമം നടത്തുന്നു. ഇതെല്ലാം നമ്മുടെ രാഷ്ട്രീയ രം​ഗത്തെ കൂടുതൽ സങ്കീർണമാക്കുന്ന നടപടികളാണ് നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ജനാധിപത്യവും ഭരണഘടനയും പൗരസ്വാതന്ത്ര്യവും മതനിരപേക്ഷതയും വെല്ലുവിളിക്കുന്ന ഒരു ഭരണകൂടം രാജ്യത്തു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾ തീർത്തും ജനവിരു​ദ്ധമാണ്. ആ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധത്തിന്റെ ശബ്ദമുയർത്താനും അവർക്കെതിരെ പോരാട്ടത്തിന്റെ ജ്വാല തെളിയിക്കാനും കമ്മ്യൂണിസ്റ്റ്കാർക്ക് മാത്രമേ കഴിയുകയുള്ളു. അതുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങളേറ്റെടുത്തു കൊണ്ട് അവർ അനുഭവിക്കുന്ന സാമ്പത്തിക ദുരിതങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള പ്രസ്ഥാനമായി വളർന്നു വരാൻ നമുക്ക് കഴിയുമോ എന്നാണ് നമ്മുടെ പാർട്ടി സമ്മേളനം ​ഗൗരവകരമായി ചർച്ചചെയ്യാൻ പോകുന്നത്.

ഇന്ത്യൻ രാഷ്ട്രിയത്തിൽ വർ​ഗീയതക്കെതിരെ പോരാടുന്ന എല്ലാ ജനവിഭാ​ഗങ്ങളെയും ഒന്നിപ്പിക്കുക, ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായി ശക്തമായി ശബ്ദമുയർത്തുക, ആ പ്രവർത്തനങ്ങളിൽ നാം എങ്ങനെ മുന്നോട്ട് പോകും, അതിൽ നമ്മുടെ സംഘടനയെ എത്രമാത്രം ശക്തമാക്കാനാവും എന്നോക്കെയാണ് പാർട്ടി സമ്മേളനത്തിൽ ചർച്ചയാവുന്നത്.

നമ്മുടെ പാർട്ടി സമ്മേളനത്തിന്റെ ചർച്ചകൾ ഹൈജാക്ക് ചെയ്യാൻ ചില മാധ്യമങ്ങളൊക്കെ പ്രത്യേകമായി പരിശ്രമം നടത്തികൊണ്ടിരിക്കുകയാണ്. 500 ലധികം പ്രതിനിധികളാണ് കേരളത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള ഘടകങ്ങളിൽ നിന്നും തെര‍ഞ്ഞെടുക്കപ്പെട്ടുവരുന്നത്. അവർ ​ഗൗരവമുള്ള രാഷ്ട്രീയം താഴെത്തട്ടു മുതൽ ചർച്ച ചെയ്തവരാണ്. ആ രാഷ്ട്രീയ ചർച്ചയുടെ ഏറ്റവും ഉയർന്ന രൂപമായിരിക്കും നമ്മുടെ സംസ്ഥാന സമ്മേളനത്തിലുണ്ടാവുക. 24-ാം പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായി അവിടെ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയം ദേശീയ കൗൺസിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.ആ പ്രമേയം ചർച്ചചെയ്യുന്ന സമ്മേളനങ്ങളാണ് സിപിഐ നടത്തുന്നത്.

സിപിഐയിൽ വിഭാ​ഗിയതയുണ്ട്, ഗ്രൂപ്പുകളുണ്ട്,അവർ തമ്മിൽ മത്സരമാണ് എന്നെല്ലാം മാധ്യമവാർത്തകൾ വരുന്നുണ്ട്. സിപിഐ അഭിപ്രായങ്ങളുള്ള സഖാക്കളുടെ പാർട്ടിയാണ്. അവർക്ക് അവരുടെ ഘടകങ്ങളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താം.നാപ്പതു പേർ പങ്കെടുത്ത സമ്മേളന ചർച്ചയിൽ ഒരാൾ പറഞ്ഞ അഭിപ്രായം പാർട്ടിയുടെ നിലപാടാണെന്ന് പറഞ്ഞ് വാർത്തകൾ മെനയുന്നത് ശരിയല്ല. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കും. എന്നാൽ, ഒരു തീരുമാനമെടുത്താൽ കേരളത്തിൽ അടിമുതൽമുടി വരെ സിപിഐക്കാർ ഒറ്റക്കെട്ടായി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സമ്മേളനത്തിനു ശേഷം നിരവധി പ്രതിസന്ധികളെ നമ്മൾ നേരിട്ടിട്ടുണ്ടെന്നും ആ പ്രതിസന്ധികളെയെല്ലാം എല്ലാവരുടെയും സഹകരണത്തോടെ അതിജീവിക്കാൻ സാധിച്ചുവെന്നും കാനം വ്യക്തമാക്കി . ഇനിയും പോരാട്ടങ്ങളുടെ, സമരത്തിന്റെ ചൂടുമായി കൂടുതൽ ശക്തമായി മുന്നോട്ട് പോകാനും പാർട്ടിയുടെ സാനിധ്യം സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കാൻ തിരുവനന്തപുരം സമ്മേളനത്തിനു കഴിയട്ടെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares