തിരുവനന്തപുരം: സർക്കാർ നയത്തിന് വിരുദ്ധമായി പരിഷ്കാരങ്ങൾ നടപ്പിലാക്കാനുള്ള വലിയ ശ്രമങ്ങൾ നടക്കുമ്പോൾ അതിനെ ചെറുക്കാനുള്ള ശക്തി ജീവനക്കാരുടെ സംഘടനകൾക്ക് ഉണ്ടാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ (കെഎസ്എസ്എ) വാർഷിക സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകബാങ്കിന്റെയും അതുപോലുള്ള ഏജൻസികളുടെയും ഭാഷയിലാണ് സെക്രട്ടേറിയറ്റിലെ ചില സെക്രട്ടറിമാർ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ സമ്പ്രദായം പുനഃപരിശോധിക്കണമെന്ന് എൽഡിഎഫ് പ്രകടനപത്രികയിൽ സൂചിപ്പിച്ചിട്ടുള്ളതാണ്. അത് സംബന്ധിച്ചുള്ള പഠന റിപ്പോർട്ട് സർക്കാരിന്റെ കൈവശം ഉണ്ട്. പുനഃപരിശോധന നീട്ടിവച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാന പ്രശ്നം.
ജീവനക്കാരുടെ സംഘടനകൾ നിരന്തരമായി ആവശ്യപ്പെടുന്ന ആ പ്രശ്നത്തിന് എന്തുകൊണ്ട് പരിഹാരം ഉണ്ടാകുന്നില്ല എന്നത് നമുക്ക് മുന്നിൽ ഉയരുന്ന ചോദ്യമാണെന്നും കാനം പറഞ്ഞു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ മുഖ്യപ്രഭാഷണം നടത്തി.
സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജോയിന്റ് കൗൺസിൽ ചെയർമാൻ ഷാനവാസ്‌ഖാൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് ഫെഡറേഷൻ പ്രസിഡന്റ് ജ്യോതിലാൽ ജെ, കെജിഒഎഫ് പ്രസിഡന്റ് ഡോ. കെ എസ് സജികുമാർ, കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് മനീഷ് ആർ, കേരള പിഎസ്‍സി സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് അനന്തകൃഷ്ണൻ പി ജി, എകെഎസ്‌ടിയു ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെഎസ്എസ്എ പ്രസിഡന്റ് അഭിലാഷ് ടി കെ അധ്യക്ഷനായി.