തിരുവനന്തപുരം: പാര്‍ട്ടിയില്‍ പ്രായപരിധി കര്‍ശനമാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇതിനായി പാര്‍ട്ടിയുടെ ഭരണഘടനയില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ഭാരവാഹിയാകാനുള്ള പ്രായപരിധി 75 വയസ്സും ജില്ലാ സെക്രട്ടറിമാരുടെ പ്രായപരിധി അറുപത്തഞ്ച് വയസ്സുമാക്കി. അതേസമയം ബ്രാഞ്ച് തലത്തില്‍ പ്രായപരിധി ബാധകമാകില്ല.
കൂടുതല്‍ യുവാക്കളെ കൊണ്ടുവരികയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സംസ്ഥാന കൗണ്‍സിലിലും ജില്ലാ കൗണ്‍സിലുകളിലും 40 ശതാമാനം ആളുകളും 50 വയസിനു താഴെയുള്ളവരായിരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന കൗണ്‍സിലിലും ജില്ലാ കൗണ്‍സിലും 15 ശതമാനം സ്ത്രീകള്‍ക്ക് സംവരണം നല്‍കണമെന്നും കാനം വ്യക്തമാക്കി.
കെ റെയിലിന് സിപിഐ സര്‍ക്കാരിനു പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നതെന്ന് കാനം വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ വീടും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ ഫലമായി വിപണിവിലയുടെ എത്രയോ ഇരട്ടി നഷ്ടപരിഹാരമായി നല്‍കുന്നുണ്ട്.
സിപിഐയുടെ തന്നെ പത്തോളം ഓഫീസുകളാണ് ദേശീയപാതയുടെ വീതി കൂട്ടിയതു മൂലം നഷ്ടമായത്. പഴയതിനേക്കാള്‍ നല്ല ഓഫീസുകള്‍ പണിയാനുള്ള നഷ്ടപരിഹാരമാണ് ലഭിച്ചത്. അവിടെയെല്ലാം ഇപ്പോള്‍ പുതിയ ഓഫീസുകള്‍ പണിയുകയാണ്. സില്‍വര്‍ ലൈനിനെ സംബന്ധിച്ചിടത്തോളം അതിന്റെ അലൈന്‍മെന്റ് നിശ്ചയിക്കാനുള്ള സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നതെന്നും കാനം പറഞ്ഞു.