തിരുവനന്തപുരം: ഗവർണറുടെ നടപടികൾ ഭരണഘടനയ്ക്കും നിയമത്തിനും എതിരാണ് എന്നുള്ളതുകൊണ്ടാണ് കേരളത്തിന്റെ വികാരം അദ്ദേഹത്തിനെതിരായി മാറിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാജ്‌ഭവനു മുന്നിൽ ഒരു ലക്ഷംപേർ പങ്കെടുക്കുന്ന പ്രതിഷേധകൂട്ടായ്‌മയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാൻസലർ പദവി ഒരു ഭരണഘടനാപദവിയല്ല. കേരള യൂണിവേഴ്സിറ്റിയുടെ ആദ്യ ചാൻസലർ മഹാരാജാവായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷമാണ് ബാക്കി യൂണിവേഴ്സ്റ്റികൾ കേരളത്തിൽ രൂപീകരിച്ചത്. പഴയ ചാൻസലർ മഹാരാജാവായിരുന്നു എന്നതുകൊണ്ട് എല്ലാ ചാൻസലർമാരും മഹാരാജാക്കന്മാരാണ് എന്ന് ആരിഫ് മുഹമ്മദ് ഖാൻ ധരിച്ചിരിക്കുന്നതെന്ന് കാനം പരിഹസിച്ചു. രാജ് ഭവനിലെ ഇരുപത്തിരണ്ടാമത്തെ ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാലമത്രേയും ഗവർണറുടെ നയത്തിനെതിരെ ഒരു സമരമോ പ്രതിഷേധമോ രാജ്ഭവനു മുന്നിൽ നടന്നിട്ടില്ല. കേന്ദ്ര സർക്കാർ കേരളത്തോട് സമീപിക്കുന്ന സമീപനങ്ങൾക്കെതിരെ മാത്രമാണ് ഇവിടെ പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടുള്ളത്. അതിനർത്ഥം ഇതിനു മുമ്പ് ആ പദവി അലങ്കരിച്ചിട്ടുള്ള ഇരുപത്തൊന്ന് ഗവർണർമാർ ഇദ്ദേഹത്തെക്കാൾ ഭേദമായിരുന്നു എന്നല്ലെ കരുതേണ്ടത് എന്ന് കാനം അഭിപ്രായപ്പെട്ടു.
ഉന്നതവിദ്യാഭ്യാസ രംഗത്തെ സങ്കീർണമായ സാഹചര്യം ചർച്ചചെയ്യാൻ വേണ്ടി രണ്ടാം തിയതിയാണ് തിരുവനന്തപുരത്തെ എകെജി ഹാളിൽ ഒരു കൺവെൻഷൻ സംഘടിപ്പിച്ചത്. അന്ന് രൂപീകരിച്ച ഉന്നത വിദ്യാഭ്യാസ സമിതിയാണ് പതിനഞ്ചാം തിയതി രാജ്ഭവനിലേക്കും വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും ഇങ്ങൊനൊരു പ്രതിഷേധം സഘടിപ്പിക്കാൻ തീരുമാനിച്ചത്. വളരെ ചുരുങ്ങിയ ദിവസം കൊണ്ട് കേരളത്തിന്റെ പൊതു സമൂഹം ആ ആഹ്വാനം ഏറ്റെടുത്ത് അതിൽ പങ്കാളികളാവാൻ മുന്നോട്ടെത്തിയ കാഴ്ചയാണ് തലസ്ഥാനം കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
മനപൂർവമായി സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനാണ് ഗവർണർ ശ്രമിക്കുന്നത്. ഗവർണർ പദിവിയെക്കുറിച്ച് സർക്കാരിയ കമ്മീഷൻ ചർച്ചചെയ്തിട്ടുണ്ട് പുഞ്ചി കമ്മീഷൻ ചർച്ചചെയ്തിട്ടുണ്ട്. ഇന്ത്യയിയെ ദേശീയ പാർട്ടികളും സംസ്ഥാന പാർട്ടികളും ഗവർണർ പദവിയെക്കുറിച്ച് അവരുടെ അഭിപ്രായം ഈ കമ്മീഷനും മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്. അവർ ഭരണഘടനയുടെ അടിസ്ഥാനത്തിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നത് ഗവർണർമാർ തന്നെയാണ്. ഭരണഘടനാപരമായ അധികാരങ്ങൾമാത്രമേ ഗവർണർമാർ ഉപയോഗിക്കാവു. എന്നാൽ കേന്ദ്രഗവൺമെന്റിന്റെ ഏജന്റായി പ്രതിപക്ഷം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനുള്ള നടപടികൾ സ്വീകരിക്കുന്ന എത്രയോ ഉദാഹരണങ്ങളാണ് നിലവിൽ രാജ്യത്തുടനീളം ഉയർന്നു വരുന്നതെന്ന് കാനം ചൂണ്ടിക്കാട്ടി.
അങ്ങനെ കേന്ദ്രത്തിന്റെ ഏജന്റായി കൊളോണിയൽ ഭരണത്തിന്റെ അവശിഷ്ടം എന്നുള്ള നിലയിൽ ഗവർണർ പദവി നമ്മുക്ക് വേണോ എന്ന ചോദ്യം ഗൗരവമായി നമ്മുടെ പൊതുസമൂഹത്തിൽ നിന്നും ഉയരേണ്ടതുണ്ട്. ഭരണഘടനയനുസരിച്ച് ഗവർണറുടെ അധികാരങ്ങൾ അദ്ദഹം ഉപയോഗിക്കുന്നതിൽ നമ്മൾ എതിരല്ല. എന്നാൽ ചാൻസലർ പദവി കേരള നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർക്ക് നൽകിയിട്ടുള്ളത്. പുഞ്ചി കമ്മിറ്റി റിപ്പോർട്ട് ചാൻസലർ പദവി വളരെ ജോലിത്തിരക്കുള്ള ഗവർണർമാരെ ഏൽപ്പിക്കരുതെന്ന് പറഞ്ഞിട്ട് വർഷങ്ങളായി. എന്നാലു അവിടെ ഇരിക്കുന്നവർ വലിയപ്രശ്നങ്ങൾ ഉണ്ടാക്കാത്തതിനാൽ സംസ്ഥാനത്ത് അധികാരത്തിലെത്തിയ പല സർക്കാരുകളും അതിനു മാറ്റം കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ല.
ഇപ്പോൾ കേരളത്തിലെ ഗവർണർ പതിനാലും യൂണിവേഴ്സിറ്റികളുടെ ചാൻസലറാണ്. അങ്ങനെ പതിനാലും സർവകലാശാലയ്ക്കും ചാൻസലർ ആയ ആരിഫ് മുഹമ്മദ് ഖാൻ മാസത്തിൽ ഇരുപതു ദിവസം കേരളത്തിനു പുറത്താണ്. അദ്ദേഹത്തിന്റെ യാത്രകളിലെ ഒരു പോയിന്റായിട്ടാണ് തിരുവനന്തപുരത്തെ ഉപയോഗപ്പെടുത്തുന്നത്. അങ്ങെനയൊരാൾക്ക് കേരളത്തിലെ പതിനാലു സർവകലാശാലകളുടെയും ഉന്നതവദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കാൻ എവിടെയാണ് സമയം ലഭിക്കുന്നത്. അതുകൊണ്ടാണ് ഈ പദവിയിൽ നിന്ന് ഇങ്ങനുള്ളൊരു സാഹചര്യത്തിൽ അദ്ദേഹത്തെ ഒഴിവാക്കുന്നതല്ലെ ശരിയെന്ന ചിന്ത ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ഉണ്ടായത്. ആ ചാൻസലർ സ്ഥാനം വഹിച്ചിരുന്ന ഗവർണറെ ഈ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ ഒരു ഉത്തരവാദിത്വവുമില്ലെ. അദ്ദേഹം നിയമിച്ച വൈസ്ചാൻസലർമാരെയാണ് അദ്ദേഹം തന്നെ പിരിച്ചുവിടാൻ ശ്രമിക്കുന്നത്.
ആരിഫ് മുഹമ്മദ്ഖാൻ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ എന്തെല്ലാം വാഗ്ദാനങ്ങളാണ് നൽകിയത്. ഒരു വിജ്ഞാന സമൂഹം പടുത്തുയരണം, വിജ്ഞാന സമ്പൽഘടനയുണ്ടാക്കണം, ഉന്നത വദ്യാഭ്യാസ രംഗത്ത് ഇനിയും അഭിവൃദ്ധിയുണ്ടാവണം അതിനെല്ലാം വിരുദ്ധമായിട്ടല്ലെ അദ്ദേഹത്തിന്റെ പ്രവർത്തനം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇത് അവസാനിപ്പിച്ചെ മതിയാവു എങ്കിൽ എന്തിനുവേണ്ടിയാണ് ഈ നടപടികൾ അദ്ദേഹം സ്വീകരിക്കുന്നത്. കേരളസമൂഹം യുക്തി ചിന്തയും ശാസ്ത്രബോധവുമുള്ള സമൂഹമാക്കി ഉയർത്തിക്കൊണ്ടുവരാനാണ് 1957 മുതൽ നമ്മൾ ശ്രമിച്ചിട്ടുള്ളത്. ആ കാര്യത്തിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ മുൻപന്തിയിലെത്താൻ നീതിആയോഗും കേന്ദ്ര സർക്കാരും ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ മറ്റ് സംസ്ഥാനങ്ങളുടെ മുന്നിലാണ് നമ്മൾ.
അങ്ങനെ യുക്തി ചിന്തയും ശാസ്ത്രബോധവുമുള്ള ഒരു സമൂഹത്തെ ആരാണ് ഭയപ്പെടുന്നത്. അങ്ങനെ ഭയപ്പെടുന്നത് വർഗ്ഗീയ ശക്തികൾ, ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർ, അന്ധവിശ്വാസവും വർഗ്ഗീയതയും വളർത്താൻ ശ്രമിക്കുന്നവർ അവരാണ് ഈ സമൂഹത്തെ എതിർക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ് നാഗ്പൂരിൽ നിന്നുള്ള സിഗ്നലുകൾ സ്വീകരിച്ചുകൊണ്ട് ആരിഫ് മുഹമ്മദ്ഖാൻ തിരുവനന്തപുരത്ത് പ്രവർത്തികുന്നത്. അതാണ് ഈ നടപടിയിലെ രാഷ്ട്രീയം അത് തിരിച്ചറിയാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയും എന്നതുകൊണ്ടാണ് നമ്മുടെ സംസ്ഥാനത്തിന്റെ ഭാവി പരിഗണിച്ചുകൊണ്ട് അതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന പൊതുസമൂഹം ഇത്തരമൊരു പ്രക്ഷോഭത്തിനു പിന്തുണ നൽകിക്കൊണ്ട് രംഗത്തെത്തിയതെന്നും കാനം വ്യക്തമാക്കി.
ഒരു കുട്ടിയെങ്ങനെ പഠിച്ച് വലുതാവണം അവൻ എത്രത്തോളം പഠിക്കണം അതിനുള്ള വഴികളെന്താണ് ആധുനിക ലോകത്തിന്റെ വളർച്ചക്കനുസരിച്ച് അവനു തൊഴിലുണ്ടാവാനുള്ള സാധ്യത എന്താണ്? ഇതിനെക്കുറിച്ചെല്ലാം ചിന്തിക്കുന്നവരാണ് നമ്മുടെ രക്ഷകർത്താക്കൾ. അതുകൊണ്ട് വിദ്യാഭ്യാസത്തന്റെ പ്രശ്നം നമ്മുടെ സമൂഹത്തിന്റെ പ്രശ്നമാണ്. എൽഡിഎഫ് സർക്കാർ 2016 ൽ അധികാരത്തിൽ വരുമ്പേൾ പൊതു വിദ്യാഭ്യാസത്തിനു പ്രാധാന്യകൊടുത്തു. യുഡിഎഫിന്റെ സർക്കാർ തകർത്തെറിഞ്ഞ പൊതുവിദ്യാഭ്യാസ സംവിധാനത്തെ പുനസംഘടിപ്പിക്കാൻ അതിനുമുമ്പ് പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി രൂപീകിരിച്ച് പ്രവർത്തിക്കാൻ നമ്മുക്കായിട്ടുണ്ട്. 2021 ൽ വീണ്ടും അധികാരത്തിലെത്തിയപ്പോൾ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും കേരള സമൂഹത്തെ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുമുള്ള പദ്ധതികൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിച്ചു. അതിനെല്ലാം പിന്തുണ നൽകേണ്ടയാളാണ് സർവ്വകലാശാലകളുടെയെല്ലാം ചാൻസലറായിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അങ്ങനെയുള്ളൊരു വ്യക്തിയിൽ നിന്നും തിരിച്ചുള്ള പ്രതികരണമുണ്ടാവുമ്പോൾ അതിന്റെ പിന്നിലെന്തോ ഉണ്ട് എന്ന് സംശയിക്കുന്നതിൽ എന്താണ് കുറ്റം.
നമ്മുടെ ചരിത്രത്തെ മാറ്റിയെഴുതാൻ ശ്രമിക്കുകയാണ് വർഗ്ഗീയ ശക്തികൾ. അതുകൊണ്ടാണ് ചരിത്ര ഗവേഷണ കൗൺസിൽ പിരിച്ചുവിട്ടത്. അതുകൊണ്ടാണ് അവരുടെ മുഖപത്രം ആർഎസ്എസിന്റെ മുഖപത്രമാക്കി മാറ്റിയത്. ഇങ്ങനെ ആസൂത്രിതമായ ശ്രമം നടക്കുമ്പോൾ അതിൽ നിന്നെല്ലാം ഭിന്നമായി നിൽക്കാനും പൊരുതാനും കേരളത്തിലെ പൊതു സമൂഹത്തിനു കഴിയുമെന്ന് തെളിയിക്കണം. അതുകൊണ്ട് ഗവർണറുടെ നിലപാടുകൾ തിരുത്തണം. അതിനാവശ്യമായ ജനകീയ സമ്മർദ്ദം വളർത്തിക്കൊണ്ടുവരാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിക്കും കഴിയുമെന്ന് കാനം വ്യക്തമാക്കി. ജനങ്ങളുടെ പിന്തുണയോടെയാണ് നമ്മൾ ഈ പരിഷ്കാരങ്ങൾ നടത്തേണ്ടത് അതിനാൽ ഈ പോരാട്ടവുമായി ഇനിയും ശകതമായി മുന്നോട്ട് പോവുമെന്ന് അദ്ദേഹം പറഞ്ഞു.