തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ സന്ദർശനം നടത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോടിയേരിയുടെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ അനുശേചനമറിയിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കുകയായിരുന്നു കോടിയേരിയുടെ മരണം.
പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു കോടിയേരി. 2006 മുതൽ 2011 വരെ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവർത്തിച്ചിരുന്നു. തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം 2001 മുതൽ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനരംഗത്ത് സജീവമാകുന്നത്.
കോടിയേരി ബാലകൃഷ്ണനോടുളള ആദര സൂചകമായി സി പി ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതു പരിപാടികൾ റദ്ദാക്കിയിരുന്നു. വ്യക്തിപരമായ നഷ്ടമെന്ന് പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനും ഇടതു പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമെന്ന് ജനറൽ സെക്രട്ടറി ഡി. രാജയും പറഞ്ഞു.