Friday, November 22, 2024
spot_imgspot_img
HomeOpinionസഖാവ് കാനം രാജേന്ദ്രൻ ബ്രാഞ്ച് സെക്രട്ടറിമാർക്ക് എഴുതിയ അവസാനത്തെ കത്ത്

സഖാവ് കാനം രാജേന്ദ്രൻ ബ്രാഞ്ച് സെക്രട്ടറിമാർക്ക് എഴുതിയ അവസാനത്തെ കത്ത്

ഖാവ് കാനം മരണത്തിന് മണിക്കൂറുകൾക്ക് മുമ്പും കർമ്മോത്സുകനായിരുന്നു. അദ്ദേഹം ജീവിതത്തിൽ വിടപറയുന്നതിന് തലേദിവസം വൈകുന്നേരം ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള കത്ത് എന്ന പംക്തിയിലേക്കുള്ള കുറിപ്പ് എഡിറ്ററുടെ ഫോണിലൂടെ പറഞ്ഞുതരുകയായിരുന്നു. “ഡിസംബർ 26 പാർട്ടി സ്ഥാപക ദിനം” ആചരിക്കുക എന്നതായിരുന്നു ആ കുറിപ്പ്. മികച്ച സംഘാടകൻ മാത്രമല്ല കൃതഹസ്തനായ എഴുത്തുകാരൻ കൂടിയായിരുന്നു. ചരിത്രവും പാർട്ടി വിദ്യാഭ്യാസവും തന്റെ ലേഖനങ്ങളിലൂടെ, ലഘുലേഖനങ്ങളിലൂടെ അദ്ദേഹം പകർന്നു നൽകി. ലളിതവും വശ്യവുമായ ഭാഷയിലൂടെ തന്റെ ആശയ സന്ദേശങ്ങൾ അദ്ദേഹം വായനക്കാർക്ക് പകർന്നു നൽകി. അവസാന കുറിപ്പിലും ആ ആശയ പ്രപഞ്ചത്തിന്റെ വെളിച്ചം നിറഞ്ഞു നിൽക്കുന്നു. കാനം രാജേന്ദ്രൻ നവയു​ഗത്തിൽ കുറിച്ച കത്ത് യങ് ഇന്ത്യ പുനഃപ്രസിദ്ധീകരിക്കുന്നു.

ഡിസംബർ 26 പാർട്ടി സ്ഥാപക ദിനമായി ആചരിക്കുക

സിപിഐയുടെ 98-ാം വാർഷികമാണ് 2023 ഡിസംബർ 26. മഹത്തായ ഒക്ടോബർ വിപ്ലവത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ട ഏതാനും യുവദേശാഭിമാനികൾ കാൺപൂരിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകുന്നത്. പാർട്ടി രൂപീകൃതമാകുന്നതിനുമുമ്പ് തന്നെ നമ്മുടെ രാജ്യത്തെ കമ്മ്യൂണിസ്റ്റ് അഗ്രഗാമികൾ രാഷ്ട്രത്തിനകത്തും പുറത്തും ബ്രിട്ടീഷ് സാമ്രാജ്യത്വവാഴ്ച അവസാനിപ്പിക്കുകയും ഇന്ത്യയുടെ പൂർണ്ണ സ്വാതന്ത്ര്യം നേടുകയെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.

പണിമുടക്കു സമരങ്ങൾ, ജന്മിത്വ-സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ, ഹർത്താലുകൾ ഇവയുടെയെല്ലാം വേലിയേറ്റത്തിലൂടെ പ്രകടമായ തൊഴിലാളികളുടെയും കർഷകരുടേയും വിദ്യാർത്ഥികളുടെയും ഉശിരൻ ഉണർവ്വിന്റെ തീച്ചൂളയിലാണ് സിപിഐ ഉയിർകൊള്ളുന്നത്. അത്, 1920-ൽ തന്നെ അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ രൂപീകരണത്തിലേക്ക് നയിച്ചു. സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ കർഷകരുടെയും തൊഴിലാളികളുടെയും ചരിത്രപരമായ പങ്ക് ഉൾക്കൊണ്ടുകൊണ്ട് കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ അവർക്കിടയിലേക്കിറങ്ങി പ്രവർത്തിച്ചു. ഈ സാമ്രാജ്യത്വവിരുദ്ധ സരണികളുടെയെല്ലാം ഒത്തു ചേരലായിരുന്നു 1925 ഡിസംബർ 26, 27, 28 തീയതികളിൽ കാൺപൂരിൽ സിപിഐ സ്ഥാപനത്തിനിടയാക്കിയ പശ്ചാത്തലം.

ഈ അവസരത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ “കഥ കഴിക്കാൻ” ബ്രിട്ടീഷ് സാമ്രാജ്യത്വം പെഷവാർ, മീററ്റ്, കാൺപൂർ ഗൂഢാലോചന കേസുകൾ ചാർത്തി കമ്മ്യൂണിസ്റ്റ് നേതാക്കളെ ജയിലിലടച്ചു. ഇത്തരം അടിച്ചമർത്തലുകൾ കൊണ്ടൊന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തെ തടയാനായില്ല. 1930-കളിൽ കിസാൻസഭ, എഐഎസ്എഫ്, പുരോഗമന സാഹിത്യസംഘം, 1942 -ൽ ഇപ്റ്റ എന്നീ വർഗ്ഗ ബഹുജനസംഘടനകൾ കെട്ടിപ്പടുത്തു. ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട് സ്വാതന്ത്ര്യ സമരത്തെ ഉജ്ജ്വലിപ്പിച്ചത് സിപിഐയാണ്. രാജ്യം സ്വാതന്ത്ര്യം നേടിയതിനു ശേഷവും രാജവാഴ്ചയ്ക്കെതിരെയും ദേശീയ സംയോജനത്തിനായുള്ള പ്രക്ഷോഭത്തിലും നൂറുകണക്കിന്, സഖാക്കളാണ് പുന്നപ്ര-വയലാർ, തേഭാഗ, തെലുങ്കാന, മണിപ്പൂർ തുടങ്ങിയ സമരപോരാട്ടങ്ങളിൽ ജീവത്യാഗം ചെയ്തത്. നിരവധിയായ വൈതരണികളെ അതിജീവിച്ച മഹത്തായ ചരിത്രം പേറുന്ന പ്രസ്ഥാനമാണ് നമ്മുടേത്.

രാജ്യം ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളാൽ കടുത്ത വെല്ലുവിളി നേരിടുകയാണ്. രാജ്യത്തിന്റെ ഭരണ ഘടനയെയും പാർലമെന്റിനേയും നോക്കുകുത്തിയാക്കിക്കൊണ്ടുള്ള ഭരണമാണ് ബിജെപി സംഘപരിവാർ ശക്തികൾ നടത്തുന്നത്. മതേതരത്വത്തിന്റെ ഉത്കൃഷ്ട ആശയങ്ങളെയും റിപ്പബ്ലിക്കിന്റെ ജനാധിപത്യ മതേതര അടിത്തറയെയും നമ്മുടെ പൂർവ്വസൂരികൾ ഉയർത്തിപ്പിടിച്ച മനുഷ്യസ്നേഹത്തിന്റെയും മാനവിക ബോധത്തിന്റെയും ജാതിമത ചിന്തകൾക്കതീതമായ സാഹോദര്യത്തിന്റെയും മഹത്തായ ആശയങ്ങളെയാണ് നമ്മുടെ പാർട്ടി വീറോടെ ഉയർത്തിപ്പിടിക്കുന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക ദിനമായ ഡിസംബർ 26-ന് എല്ലാ ജില്ലകളിലും ഒരു പൊതുപരിപാടി നടത്താനാണ് തീരുമാനം. അതുപോലെ പാർട്ടി ഓഫീസുകൾ അലങ്കരിച്ചും പാർട്ടി പതാക ഉയർത്തിയും ജനങ്ങളുടെ മനസ്സിലേക്ക് പാർട്ടിയുടെ ആശയങ്ങൾ എത്തുന്ന തരത്തിൽ സ്ഥാപകദിനം ആചരിക്കാൻ ബ്രാഞ്ചു സെക്രട്ടറിമാരും ബന്ധപ്പെട്ട ഘടകങ്ങളിലെ സഖാക്കളും മുൻകൈ പ്രവർത്തനം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares