Tuesday, January 28, 2025
spot_imgspot_img
HomeOpinionകൊടുങ്കാറ്റായി വന്നു, കൊടുങ്കാറ്റായിത്തന്നെ നിലനിന്നു;സഖാവ് പി കൃഷ്ണപിള്ള

കൊടുങ്കാറ്റായി വന്നു, കൊടുങ്കാറ്റായിത്തന്നെ നിലനിന്നു;സഖാവ് പി കൃഷ്ണപിള്ള

ധുനിക കേരളത്തിന്റെ ചരിത്രം മാറ്റി എഴുതുന്നതില്‍ സഖാവ് പി കൃഷ്ണപിള്ള വഹിച്ച പങ്ക് നിസ്തുലമാണ്. സഖാവ് എന്ന് എല്ലാവരും വിളിച്ചിരുന്ന കൃഷ്ണപിള്ള ഓര്‍മ്മയായിട്ട് ഇന്ന് 76 വര്‍ഷം പൂര്‍ത്തിയാവുന്നു. പതിനെട്ട് വര്‍ഷത്തെ പൊതുജീവിതത്തിനിടയില്‍ ഇത്രയേറെ വിലപ്പെട്ട സംഭാവനകള്‍ ഭാവിതലമുറയ്ക്ക് പ്രദാനം ചെയ്ത മണ്‍മറഞ്ഞ വ്യക്തികള്‍ കേരളത്തില്‍ ദുര്‍ലഭമാണ്. അതിതരസാധാരണമായ ഒരു രാഷ്ട്രീയ ശില്പിയായിരുന്നു പി കൃഷ്ണപിള്ള. അധ്വാനിക്കുന്ന ജനങ്ങള്‍ക്കും അവരുടെ സംഘടനകള്‍ക്കും ശാസ്ത്രീയവും നൂതനവുമായ ഒരു ലക്ഷ്യവും മാര്‍ഗവും ആവിഷ്കരിക്കാന്‍ കഴിഞ്ഞതാണ് പി കൃഷ്ണപിള്ളയുടെ ഏറ്റവും വലിയ നേട്ടം.

കൃഷ്ണപിള്ള, യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് വയസ് ഇരുപത്തിനാലായപ്പോഴാണ്. 1930ല്‍ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തുകൊണ്ട്. എന്നു പറഞ്ഞാല്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തുലോം ഹ്രസ്വമായിരുന്നു എന്നര്‍ത്ഥം. പതിനെട്ട് വര്‍ഷം-ഒരു പുരുഷായുസുകൊണ്ടും സാധിക്കാത്ത കാര്യങ്ങള്‍ കൃഷ്ണപിള്ള ചുരുങ്ങിയ കാലയളവില്‍ നിര്‍വഹിച്ചു. മണ്‍മറഞ്ഞുപോയവരും ജീവിച്ചിരിക്കുന്നവരുമായ കേരള രാഷ്ട്രീയത്തിലെ പ്രാമാണികരായ നേതാക്കന്മാരിലാരെക്കാളും രാഷ്ട്രീയജീവിതം അതിന്റെ പൂര്‍ണതയില്‍ ജീവിച്ചുതീര്‍ത്ത ഒരാളേയുള്ളു, കൃഷ്ണപിള്ള. മറ്റുള്ളവര്‍ ഒരു നിശ്ചിത പ്രാദേശികപരിധിയില്‍, അല്ലെങ്കില്‍ ഒരു കാലയളവില്‍ മാത്രമായി, പ്രവര്‍ത്തനവും കീര്‍ത്തിയും പരിമിതപ്പെടുത്തിയപ്പോള്‍ കൃഷ്ണപിള്ളയുടെ വേദി കേരളം മുഴുവനുമായിരുന്നു. ഒരു കൊടുങ്കാറ്റായി വന്നു. കൊടുങ്കാറ്റായിത്തന്നെ നിലനിന്നു.

കേരളത്തില്‍ അവശ സമുദായങ്ങളുടെ അവകാശ സമരത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും ആദ്യത്തെ ഊഷ്മള ചലനങ്ങള്‍ ഉദ്ഘാടനം ചെയ്ത വെെക്കം സത്യഗ്രഹത്തിനു (1924) ദൃക്‌സാക്ഷിയായിരുന്നു കൃഷ്ണപിള്ള. ഗാന്ധിജി നേരില്‍ പങ്കെടുത്ത ഈ സത്യഗ്രഹസമരം ഇന്ത്യയുടെ മനഃസാക്ഷിയെ നിരവധി നാളുകള്‍ തുടര്‍ച്ചയായി പിടിച്ചുകുലുക്കി. വെെക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകളില്‍ അവര്‍ണര്‍ എന്ന് വിളിക്കപ്പെട്ടിരുന്നവര്‍ക്ക് ക്ഷേത്രാധികാരികള്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെ എതിര്‍ത്തുകൊണ്ടാണ് സത്യഗ്രഹമാരംഭിക്കുന്നത്. ദേവസ്വം അധികൃതര്‍ ഈ റോഡുകളില്‍ കമ്പിവേലി കെട്ടി. ദിവസവും സത്യഗ്രഹ ജാഥകളും പൊതുയോഗങ്ങളുംകൊണ്ട് വെെക്കം മുഖരിതമായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അത്യുന്നത നേതാക്കളില്‍ പലരും വെെക്കത്തു വന്ന് സത്യഗ്രഹം നയിച്ചു. സവര്‍ണ നാടുവാഴിത്തക്കോമരങ്ങള്‍ അന്ന് സത്യഗ്രഹികളുടെ നേര്‍ക്ക് കിരാതമായ മര്‍ദ്ദന മുറകളാണ് അഴിച്ചുവിട്ടത്. സത്യഗ്രഹിയായ ഇളയതിന്റെ കണ്ണില്‍ ചുണ്ണാമ്പെഴുതി കാഴ്ചയില്ലാതാക്കിയ കൊടും പെെശാചികത അതില്‍പ്പെടുന്നു.

കൃഷ്ണപിള്ള കൂട്ടുകാരൊന്നിച്ച് സത്യഗ്രഹം കാണാന്‍ പോവുകയും പൊതുയോഗങ്ങളിലെ പ്രസംഗങ്ങള്‍ കേള്‍ക്കുകയും പതിവായിരുന്നു. നാടിന്റെ വിധികര്‍ത്താക്കളായ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കറുത്ത രൂപം, അവരുടെ ദൃഢചിന്തത, കരുണ, സ്നേഹം, സന്തോഷം, ജന്മശത്രുക്കളോടുള്ള സന്ധിയില്ലാത്ത പോരാട്ടം, പ്രതിസന്ധി ഘട്ടത്തില്‍ പ്രായോഗികവും നീക്കുപോക്കില്ലാത്തതും ഫലപ്രദവുമായ തീരുമാനം, അധ്വാനിക്കുന്നവന്റേതായ അവന് മാത്രം ജന്മസിദ്ധമായ ചിട്ട, ആജ്ഞാശക്തി, ജനങ്ങളെ സ്വന്തമാക്കല്‍, അവരുടെ സ്വന്തമാക്കല്‍ ഇതിന്റെയെല്ലാം പ്രതീകമായിരുന്നു കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതമെങ്കില്‍ അതദ്ദേഹത്തിനു സ്വാഭാവികമായി സിദ്ധിച്ചതാണ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലഭിച്ച ചിരപരിചിതമായ തൊഴിലാളി വര്‍ഗ നേതാക്കളില്‍ മിക്കവാറും എല്ലാവരും തന്നെ സമരങ്ങളുടെ തീച്ചൂളകളിലൂടെ വന്നവരാണ്, കൃഷ്ണപിള്ള വളര്‍ത്തിയെടുത്തവരാണ്. കേരള രാഷ്ട്രീയത്തിന്റെ ഊടും പാവും മാറ്റിമറിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തില്‍ കൃഷ്ണപിള്ളയുടെ പങ്ക് നിസ്തുലമായിരുന്നു. മാതൃരാജ്യത്തിന്റെ മോചനത്തിനുള്ള മാര്‍ഗങ്ങള്‍ തേടി കോണ്‍ഗ്രസിലും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച് അവസാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കണ്ടെത്തിയ രാഷ്ട്രീയരംഗത്തെ ഒരു സത്യാന്വേഷിയുടേതാണ് പി കൃഷ്ണപിള്ളയുടെ ചരിത്രം.

(സഖാവ് കാനം രാജേന്ദ്രന്‍ പി കൃഷ്ണപ്പിളളയെ കുറിച്ച് എഴുതിയത്)

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares