കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സാംസ്കാരിക ലോകത്തിനും ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമാണ് കണിയാപുരം രാമചന്ദ്രൻ്റേത്.വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്ന് യുവജന നേതാവും നിയമസഭാ സമാജികനും സാഹിത്യകാരനും പാർട്ടി നേതാവും പത്രപ്രവർത്തകനുമൊക്കെയായി അരനൂറ്റാണ്ടുകാലം അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനായി ജീവിച്ചു.
എതിരാളികളെ പോലും ആകർഷിക്കുന്ന വാക്ചാതുരിയാണ് കണിയാപുരത്തിൻ്റെ പ്രത്യേകത.തീക്ഷ്ണമായ വാക്കുകൾ, മൂർച്ചയേറിയ വിമർശനങ്ങൾ, താളാത്മകമായ ശബ്ദവിന്യാസം, ഭാഷാശുദ്ധി തികച്ചും വ്യത്യസ്തമായ ഈ ശൈലിയാണ് പ്രഭാഷണ കലയുടെ കുലപതിയായി കണിയാപുരത്തെ ഉയർത്തിയത്. രാഷ്ട്രീയം, ചരിത്രം,ദർശനം എന്നിവയെ സരസമായ ഭാഷയിൽ ജനമനസ്സുകളിൽ എത്തിക്കാൻ അദ്ദേഹം അനിതരസാധാരണമായ കഴിവ് പ്രകടിപ്പിച്ചു. അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ കേരളം ആവേശപൂർവ്വം സ്വീകരിച്ചു.
കേരളത്തിലെ രാഷ്ട്രീയ- സാമൂഹ്യ മണ്ഡലങ്ങളിൽ പ്രകമ്പനം സൃഷ്ടിക്കുവാൻ കണിയാപുരത്തിൻ്റെ നാടകങ്ങൾക്കും ലേഖനങ്ങൾക്കും സാധിച്ചിരുന്നു. അറിവിൻ്റെ നിറകുടമായിരുന്നു കണിയാപുരം. അതേസമയം ജനങ്ങൾക്കിടയിൽ ജീവിച്ചു. മികച്ച പാർലമെൻ്റേറിയനായും കണിയാപുരം കഴിവ് തെളിയിച്ചു. എഐഎസ്എഫിന്റെ സംസ്ഥാന നേതാവായും എഐവൈഎഫിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും കണിയാപുരം കേരളമാകെ നിറഞ്ഞ് നിന്നു.
വിമോചനമ സമരക്കാലത്ത് കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ ന്യായികരിക്കാനും സർക്കാരിനെ താങ്ങി നിർത്താനും ആശയപ്രചരണത്തിനായി രണ്ട് യുവാക്കൾ രണ്ട് ജാഥകൾ നടത്തി. അതുവരെ കമ്മ്യൂണിസ്റ്റ് ശക്തികൾക്ക് വിമോചന സമരത്തിനെതിരായി ഒരു പ്രതിരോധം തീർക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ യുവ നേതാക്കളായ സികെ ചന്ദ്രപ്പന്റെയും കണിയാപുരം രാമചന്ദ്രന്റെയും നേതൃത്വത്തിൽ രണ്ട് ജാഥകൾ നടത്തി. ആ ജാഥകൾ കേരളത്തിന്റെ രാഷ്ട്രീയ ഗതിയെ തന്നെ മാറ്റിമറിച്ചു. വിമോചന സമരവുമായി മുന്നോട്ടെത്തിയവർക്കെതിരെ ശക്തിയായ പ്രഹരം നൽകിക്കൊണ്ട്, രാഷ്ട്രീയ പ്രഹരം നൽകിക്കൊണ്ടാണ് ആ ജാഥ കേരളത്തിന്റെ മണ്ണിലൂടെ കടന്നുപോയത്. ആ ജാഥ അവസാനിക്കുമ്പോൾ കേരളത്തിലെ വിമോചന ശക്തികളുടെ പ്രസ്ഥാനം വളരെ അധികം ശോഷിക്കുകയായിരുന്നു.
പ്രായത്തിൽ വളരെ താഴെയായിരുന്നെങ്കിലും, തകഴി, വയലാർ, കാമ്പിശേരി, തോപ്പിൽ ഭാസി തുടങ്ങിയ വലിയ നിരയിലുള്ള സാംസ്കാരിക പ്രവർത്തകർ കണിയാപുരത്തിനോടൊപ്പം നിലകൊണ്ടിരുന്നു. അവർക്കൊപ്പം സമശീർഷനായി നിന്നുകൊണ്ട് അവരിലൊരാളായി കേരളത്തിലറിയപ്പെടാനും അവരുമായി കൂടുതൽ ബന്ധംസ്ഥാപിക്കാനും അതിലൂടെ അവരെയെല്ലാം പ്രസ്ഥാനവുമായി ബന്ധപ്പെടുത്താനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.
ജനയുഗം വാരികയുടെ പത്രാധിപരായിരുന്ന കണിയാപുരത്തിൻ്റെ ചരമവാർഷികദിനമാണ് ഇന്ന്. അദ്ദേഹത്തിൻ്റെ വിയോഗത്തോടെ നമുക്ക് നഷ്ടമായത് ഒരു ബഹുമുഖ പ്രതിഭയെയാണ്. കണിയാപുരത്തിൻ്റെ സ്മരണ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്താകുമെന്ന് തീർച്ച.