കൊലപാതക കേസിൽ കന്നഡ നടൻ ദർശൻ അറസ്റ്റിൽ. സോമനഹള്ളിയിൽ കഴിഞ്ഞദിവസം രേണുകസ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ദർശനെ പൊലീസ് അറസ്റ്റു ചെയ്തത്. കൊലക്കേസിൽ ഇതുവരെ 10 പേരാണ് അറസ്റ്റിലായത്.
കൊലപാതകം ദർശൻ ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മൈസൂരുവിൽ നിന്നാണ് ദർശനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ സോമനഹള്ളിക്ക് സമീപം കാമാക്ഷിപാളയത്ത് പാലത്തിന് താഴെ മൃതദേഹം കണ്ടെത്തിയിരുന്നു.
ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമി ഒരു മെഡിക്കൽഷോപ്പ് ജീവനക്കാരനാണ്. ഇയാൾ സമൂഹമാധ്യമത്തിലൂടെ നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചിരുന്നു. നടിയുമായി ദർശന് അടുപ്പമുണ്ട്. അശ്ലീല സന്ദേശം അയച്ചതാണ് കൊലപാതക കാരണം. ദർശന്റെ ബോഡിഗാർഡുകളായ കൂട്ടാളികൾ രേണുകസ്വാമിയെ മർദ്ദിച്ച് കൊലപ്പെടുത്തി പാലത്തിന് താഴെ ഉപേക്ഷിക്കുകയായിരുന്നു എന്ന് പൊലീസ് സൂചിപ്പിച്ചു.
ദർശന്റെ വീട്ടിൽ വെച്ചാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് മൃതദേഹം കാമാക്ഷിപാളയത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. തെരുവുനായകൾ കടിച്ച നിലയിൽ പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്ന് കരുതിയെങ്കിലും, തുടർ അന്വേഷണത്തിലൂടെ ബംഗളൂരു പൊലീസ് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.