പാലക്കാട് കരിമ്പയിൽ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥികൾക്ക് വിട നൽകി ജന്മനാട്. മരിച്ച നാല് കുട്ടികളുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. രാവിലെ എട്ടര മുതൽ കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനം നടന്നു. അതിനു ശേഷം തുപ്പനാട് ജുമാ മസ്ജിദിൽ നാല് പേരുടേയും കബറടക്കത്തിനായി. കരിമ്പ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനികളായ നിദ, റിദ, ഇർഫാന, ആയിഷ എന്നിവരാണ് മരിച്ചത്.
കുട്ടികളുടെ മൃതദേഹം ഇന്ന് രാവിലെ 8.30 മുതൽ 10 വരെ കരിമ്പനക്കൽ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. കുട്ടികളുടെ മൃതദേഹം വീടുകളിലെത്തിച്ചപ്പോൾ സഹിക്കാനാകാതെ വീട്ടുകാർ പൊട്ടിക്കരഞ്ഞ ദൃശ്യങ്ങൾ നാട്ടുകാരുടെയാകെ ഉള്ളുലച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എം ബി രാജേഷ്, മന്ത്രി കെ കൃഷ്ണൻകുട്ടി എന്നിവർ കുട്ടികളുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും.
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് പനയംപാടത്ത് വെച്ച് ലോറി മറിഞ്ഞ് കുട്ടികൾ മരിച്ചത്. പിന്നിലൂടെ വന്ന ലോറി അവരുടെ ജീവനെടുക്കുകയായിരുന്നു. ഇർഫാനയും റിത ഫാത്തിമയും നിതാ ഫാത്തിമയും ആയിഷയും ഉറ്റ സുഹൃത്തുക്കക്കളാണ്. സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികൾക്ക് നേരെ മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട സിമന്റ് ലോറി മറിയുകയായിരുന്നു. പല്ലുവേദനയ്ക്ക് ആശുപത്രിയിൽ കൊണ്ടുപോകാൻ ഇർഫാനയുടെ മാതാവ് സ്‌കൂളിലെത്തിയിരുന്നു. അവരുടെ കൺമുന്നിലായിരുന്നു ദാരുണ അപകടം. അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഇവരുടെ കൂട്ടുകാരി അജ്‌ന ഷെറിൻ ഇപ്പോഴും ഞെട്ടലിൽ നിന്ന് മുക്തമായിട്ടില്ല.