പാലക്കാട് കരിമ്പയിൽ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ സംസ്കാര നടപടികൾ പൂർത്തിയായി. ഇണങ്ങിയും പിണങ്ങിയും ഒപ്പം നടന്ന ഉറ്റ കൂട്ടികാരികളായ നിദയ്ക്കും റിദയ്ക്കും ഇർഫാനയ്ക്കും ആയിഷയ്ക്കും ഒരുമിച്ച് അന്ത്യവിശ്രമമൊരുക്കി ഒരു നാട്. വൻ ജനാവലിയാണ് അവസാനമായി ഈ കുരുന്നുകളെ യാത്ര അയക്കാൻ പൊതുദർശനം നടന്ന വീട്ടുകളിലും ഹാളിലും പള്ളിയിലുമൊക്കെ എത്തിയത്. ഒരുമിച്ച് നടന്ന ഒറ്റ സുഹൃത്തുക്കൾ ഒരുമിച്ച് യാത്രയായി. അങ്ങേയറ്റം ഉള്ളുലക്കുന്ന ദൃശ്യങ്ങളാണ് കുട്ടികളുടെ വീടുകളിൽ നിന്നും പൊതു ദർശനം നടക്കുന്ന ഹാളിൽ നിന്നും കാണാനായത്. കുടുംബാംഗങ്ങൾക്കൊപ്പം ദുഖം താങ്ങാനാകാതെ ഒരു നാടൊന്നാകെ പൊട്ടിക്കരഞ്ഞു. ഉറങ്ങിക്കിടക്കുന്ന കൂട്ടുകാരെ വിളിച്ചുണർത്തുന്നുവെന്നോണം പേര് വിളിച്ച് തേങ്ങുന്ന സഹപാഠികളുടെയും കൂട്ടുകാരുടെയും ദൃശ്യം കണ്ടുനിൽക്കാനാകുന്നതല്ലായിരുന്നു.
കരിമ്പ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനികളാണ് മരിച്ച നാല് പെൺകുട്ടികളും. മറ്റൊരു വാഹനത്തിലിടിച്ച് നിയന്ത്രണം വിട്ട ലോറി വിദ്യാർഥികൾക്ക് മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വിദ്യാർഥികൾ സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ചോദ്യപ്പേപ്പറും ഉത്തരങ്ങളും ഒത്തുനോക്കി നടക്കുന്നതിനിടെ പിന്നിലൂടെ വന്ന ലോറി അവരുടെ ജീവനെടുക്കുകയായിരുന്നു. മരിച്ച ഇർഫാനയുടെ ഉമ്മയുടെ മുമ്പിൽ വച്ചായിരുന്നു അപകടം നടന്നത്. ഇർഫാനയെ പല്ലുവേദനയ്ക്ക് ആശുപത്രിയിൽ കൊണ്ടുപോകാൻ സ്‌കൂളിലെത്തിയ അമ്മ ഇവർക്ക് തൊട്ടു മുൻപിൽ ഉണ്ടായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു സഹപാഠി അജ്‌ന ഷെറിൻ അത്ഭുതകരമായി രക്ഷപെട്ടെങ്കിലും ഞെട്ടലിൽ നിന്ന് വിമുക്തയായിട്ടില്ല.