ബംഗളൂരു: ക്ഷേത്ര പരിസരത്ത് അഹിന്ദുക്കൾ കച്ചവടം ചെയ്യാൻ പാടില്ലെന്ന കർണ്ണാടക സർക്കാർ നിയമസഭയിൽ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ഹിന്ദുത്വ സംഘടനകൾ മുസ്ലിം മതവിശ്വാസികളുടെ വ്യാപാരസ്ഥാപനങ്ങൾ ഒഴിപ്പിക്കാൻ തുടങ്ങിയതായി റിപ്പോർട്ട്.
ദക്ഷിണ കന്നഡ ജില്ലയിലെ മുൽക്കിക്ക് സമീപമുള്ള ബപ്പനാട് ദുർഗാപരമേശ്വരി ക്ഷേത്രത്തിൽ നിന്നാണ് അന്യമതസ്തർക്ക് നേരെ ഹിന്ദുത്വ വാദികളുടെ അതിക്രമം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ബജ്റംഗ്ദളിന്റെ പ്രവർത്തകർ തങ്ങളോട് പ്രദേശത്ത് നിന്നു ഒഴിഞ്ഞു പോകണമെന്ന് ആഹ്വാനം ചെയ്തതായി നിരവധി മുസ്ലിം വ്യാപാരികൾ വ്യക്തമാക്കി. ദി ന്യൂസ് മിനിറ്റാണ് ഇത് സംബന്ധിക്കുന്ന വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
ക്ഷേത്രത്തിന്റെ പരിസരത്തേക്കെത്തുന്ന വഴികളിലെല്ലാം ബജ്റംഗ്ദളിന്റെ പ്രവർത്തകർ ഒത്തുകൂടി അതിലെ വരുന്നവരോട് പേരു ചോദിച്ചതായും. അതിൽനിന്നും മുസ്ലിം ആണെന്ന് കണ്ടെത്തിയവരോട് മടങ്ങിപ്പോകാൻ പറയുകയുമായിരുന്നു.തങ്ങൾ കുംഭമേളയുൾപ്പെടെയുള്ള ഉത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷെ അവിടനിന്നൊന്നും ഒരു മുസ്ലിം ആയതിനാൽ പുറത്താക്കുന്ന നടപടികൾ ഒന്നും തന്നെ നേരിടേണ്ടി വന്നിട്ടില്ല. ഇതാദ്യമായാണ് മതത്തിന്റെ പേരിൽ എതിർപ്പു നേരിടേണ്ടി വന്നെതെന്ന് കുടിയിറക്കപ്പെട്ട വ്യാപാരികൾ പറയുന്നു.ബാപ്പനാട് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പ്രദർശിപ്പിച്ച ബാനറുകളിലൂടെ മുസ്ലിം വ്യാപാരികൾക്ക് ക്ഷേത്ര പരിസരത്ത് വ്യാപരം നടത്താൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ബാനറുകളിൽ മുസ്ലിം എന്ന് എടുത്തു പറഞ്ഞില്ലെങ്കിലും ഞങ്ങൾ ആരാധിക്കുന്ന പശുവിനെ കൊല്ലുന്നവർ എന്നും ഈ രാജ്യത്തിന്റെ ഐക്യത്തെ ചോദ്യം ചെയ്യുന്നവർ എന്നുമാണ് വിശേഷിപ്പിച്ചിരുന്നത്.
കർണാടകയിലെ പല ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ദിവസങ്ങളിൽ സ്റ്റാളുകൾ വയ്ക്കാൻ മുസ്ലിം മതസ്തർ ഉൾപ്പെടെ നിരവധി വ്യാപാരികൾക്ക് അവസരം ലഭിക്കുന്നതാണ്. എന്നാൽ ഇക്കുറി ഉഡുപ്പിയുൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളുടെ പരിസരങ്ങളിൽ നിന്നും മുസ്ലിങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾ ഒഴിവാക്കണം എന്ന തരത്തിലുള്ള പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
ഇത്തരം വിഷയങ്ങൾ നിയമ സഭയിലുൾപ്പെടെ വിവാദമായപ്പോൾ 2002ലെ ഹിന്ദു മതസ്ഥാപനങ്ങളുടെയും ചാരിറ്റബിൾ എൻഡോവ്‌മെന്റുകളുടെയും (എച്ച്‌സിആർഇ) നിയമത്തിലെ 31 (12) വകുപ്പ് ഉയർത്തിക്കാട്ടി അതിൽ അന്യമതസ്തരെ ക്ഷേത്രങ്ങളിൽ വ്യാപരം ചെയ്യുന്നതിനു വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ് വിഷയത്തിൽ നിന്നും തലയൂരാനാണ് നിയമമന്ത്രി ജെ സി മധുസ്വാമി ശ്രമിച്ചത്.
ഈ നിയമം പാസാക്കിയത് സംസ്ഥാനത്ത് അന്ന് ഭരിച്ച കോൺഗ്രസ് സർക്കാരാണെന്നും നിയമമന്ത്രി അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ഇത് ആദ്യമായാണ് മുസ്ലീം വ്യാപാരികളെ ഒഴിവാക്കാനുള്ള നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നത്.