ജെഡിഎസ് എംപിയും ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികവീഡിയോകളെക്കുറിച്ച് ബി.ജെ.പി. നേതാക്കൾ നേരത്തെ അറിഞ്ഞിരുന്നതായി റിപ്പോർട്ട്. പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗിക വീഡിയോകൾ ലീക്കായിരുന്നു. ഇത് വ്യക്തമാക്കി മാസങ്ങൾക്ക് മുൻപേ കർണാടകയിലെ ബി.ജെ.പി. നേതാവ് പാർട്ടി സംസ്ഥാന അധ്യക്ഷന് കത്ത് നൽകിയിരുന്നു.
മൂവായിരത്തോളം വീഡിയോകൾ അടങ്ങിയ പെൻഡ്രൈവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ ഹാസനിൽ ജെ.ഡി.എസിന് സീറ്റ് നൽകിയാൽ തിരിച്ചടിയാകും എന്നും വ്യക്തമാക്കുന്നതാണ് കത്ത്. 2023 ഡിസംബർ എട്ടാം തീയതി ബി.ജെ.പി. നേതാവായ ദേവരാജ ഗൗഡ പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയ്ക്ക് നൽകിയ ഈ കത്തിലെ വിവരങ്ങൾ പുറത്തായതോടെ ബി ജെ പിയെ പ്രതിരോധത്തിലാണ്.
തനിക്ക് ലഭിച്ച പെൻഡ്രൈവിൽ ആകെ 2976 വീഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തിൽ പറഞ്ഞത്. സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളടക്കമുള്ളവരുമായി പ്രജ്വൽ രേവണ്ണ ലൈംഗികവേഴ്ചയിലേർപ്പെടുന്ന ദൃശ്യങ്ങളാണിത്. ഈ വീഡിയോകൾ സൂക്ഷിച്ചുവെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ഇത്തരം പ്രവൃത്തികളിലേർപ്പെടാൻ പ്രജ്വൽ രേവണ്ണ നിർബന്ധിച്ചിരുന്നു എന്നും ദേവരാജ ഗൗഡ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വീഡിയോകൾ പ്രചരിച്ചതോടെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ കർണാടക സർക്കാർ നിയോഗിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീട്ടുജോലിക്കാരിയായ 47-കാരി പ്രജ്വൽ രേവണ്ണയ്ക്കും പിതാവ് എച്ച്.ഡി. രേവണ്ണയ്ക്കും എതിരേ പീഡനപരാതി നൽകിയത്. എം.എൽ.എ.യായ എച്ച്.ഡി. രേവണ്ണയും എം.പി.യായ മകൻ പ്രജ്വൽ രേവണ്ണയും ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു വീട്ടുജോലിക്കാരിയുടെ ആരോപണം. തുടർന്ന് സ്ത്രീയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഏപ്രിൽ 26-ന് വോട്ടെടുപ്പ് നടക്കും മുൻപേ തന്നെ പ്രജ്വൽ രേവണ്ണയുടെ ലൈംഗികവീഡിയോകൾ ഹാസനിൽ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വീട്ടുജോലിക്കാരിയായിരുന്ന 47-കാരി പരാതിയുമായി രംഗത്തെത്തിയത്.
വീട്ടിൽ ആകെ ആറ് വനിതാ ജോലിക്കാരുണ്ടായിരുന്നു. രേവണ്ണ ഇവരെ എല്ലായ്‌പ്പോഴും മുറിയിലേക്ക് വിളിപ്പിക്കും. ഭാര്യ വീട്ടിൽ ഇല്ലാത്ത സമയത്ത് സ്റ്റോർ റൂമിലേക്ക് അടക്കം വനിതാ ജോലിക്കാരെ വിളിപ്പിച്ചിരുന്നു. തന്റെ മകളുമായി അടുപ്പം സ്ഥാപിക്കാൻ പ്രജ്വൽ ശ്രമിച്ചിരുന്നതായും മകൾ ഇയാളുടെ നമ്പർ ബ്ലോക്ക് ചെയ്യുകയാണുണ്ടായതെന്നും പരാതിക്കാരി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പ്രചരിക്കുന്ന വീഡിയോകൾ കൃത്രിമമായി നിർമിച്ചതാണെന്നാണ് പ്രജ്വലിന്റെ അവകാശവാദം. സംഭവത്തിൽ പ്രജ്വൽ രേവണ്ണയും പോലീസിൽ നേരത്തെ പരാതി നൽകിയിരുന്നു.
ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ മകനാണ് മുൻമന്ത്രി എച്ച്.ഡി. രേവണ്ണ, അദ്ദേഹത്തിന്റെ മകനാണ് പ്രജ്വൽ. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കോൺഗ്രസ് വിട്ട് ജെ.ഡി.എസ് ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെട്ടത്.
കേസ് മുറുകുന്നതിനിടെ പ്രജ്വൽ രേവണ്ണ രാജ്യം വിട്ടതായി അഭ്യൂഹമുയർന്നിട്ടുണ്ട്. അദ്ദേഹം വിദേശത്തേക്ക് രക്ഷപ്പെട്ടതായി പോലീസ് സൂചന നൽകി. ജർമനിയിലെത്തിയതായാണ് വിവരം.