പട്ടികവർഗ കോർപറേഷനിൽനിന്ന് 187 കോടി രൂപ തിരിമറി നടത്തിയ കേസിൽ ആരോപണ വിധേയനായ കർണാടക കോൺഗ്രസ് മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. കേസിൽ യൂണിയൻ ബാങ്ക് നൽകിയ പരാതിയിൽ സിബിഐയും അന്വേഷണം ആരംഭിച്ചിരുന്നു. അഴിമതി അന്വേഷിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷക സംഘ(എസ്ഐടി)വുമായി ചർച്ച നടത്തിയശേഷം മന്ത്രിയെ സംരക്ഷിക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി ആവശ്യപ്പെട്ടത്. കോൺഗ്രസ് സർക്കാർ ഒരു വർഷം തികച്ചവേളയിലാണ് അഴിമതിക്കേസിൽ മന്ത്രിക്ക് സ്ഥാനം നഷ്‌ടമായത്. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണർക്ക് നിവേദനം നൽകിയിരുന്നു.
മെയ് 26ന് കർണാടക മഹർഷി വൽമീകി പട്ടികവർഗ വികസന കോർപറേഷൻ ലിമിറ്റഡിന്റെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്തിരുന്നു. കുംഭകോണം സംബന്ധിച്ച് മന്ത്രിയുടെ പേര് ഉൾപ്പെടെ പരാമർശിച്ച് കുറിപ്പെഴുതിയ ശേഷമാണ് ജീവനൊടുക്കിയത്. സർക്കാർ ഉടമസ്ഥതയിലുള്ള കോർപറേഷന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 187 കോടി അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ടതായും അതിൽനിന്ന് 88.62 കോടി രൂപ പ്രശസ്ത ഐടി കമ്പനികളുടെയും ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്‌തതായും കുറിപ്പിൽ പരാമർശിച്ചിരുന്നു.
മന്ത്രിയുടെ സഹായത്തോടെ നടന്ന തിരിമറിയിൽ പങ്കുള്ള മേലുദ്യോഗസ്ഥന്റെ പീഡനത്തെതുടർന്ന് ജീവിതം അവസാനിപ്പിക്കുന്നെന്നാണ് ചന്ദ്രശേഖരൻ എഴുതിയത്. കേസിൽ സഹകരണ സൊസൈറ്റിയുടെ ചെയർമാൻ തെലങ്കാനയിലെ സത്യനാരായണ, കോർപറേഷൻ മുൻ മാനേജിങ് ഡയറക്ടർ പത്മനാഭ, അക്കൗണ്ടന്റ് പരുശുരാമ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.